വീട്ടമ്മയ്ക്കെതിരായ സ്വഭാവഹത്യ; ഓർത്തഡോക്സ് വൈദികനെതിരെ പുതിയ കേസെടുത്തേക്കും

ഫാ.എബ്രഹാം വർഗീസ് (വിഡിയോ ദൃശ്യം)

പത്തനംതിട്ട∙ ഓർത്തഡോക്സ് വൈദികർ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസിനെതിരെ സ്വഭാവഹത്യയ്ക്കു കേസെടുക്കുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ചിന് ആശയക്കുഴപ്പം. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ കേസ് റജിസ്റ്റർ ചെയ്യണോ അതോ നിലവിലുള്ള കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണോ എന്നാണു തീരുമാനമാകാത്തത്. അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടു വൈദികർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.

പരാതിക്കാരിയായ വീട്ടമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്നു കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ് പറയുന്ന വിഡിയോ കഴിഞ്ഞ ദിവസമാണു യൂട്യൂബിലിട്ടത്. വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നതിനു മണിക്കൂറുകൾമാത്രം മുൻപാണു വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവിന്റെ പേരും ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ പേരും വിഡിയോയിലൂടെ വെളിപ്പെടുത്തി.

സംഭവം വാർത്തയായതോടെ യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയതിനെതിരെ ഇരയായ യുവതി ക്രൈംബ്രാഞ്ചിനു പരാതി നൽകി. ഫാ. ഏബ്രഹാം വർഗീസിനെതിരെ കേസെടുക്കണമെന്നാണു പരാതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ മാനഭംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് നിലവിലുള്ളതിനാൽ പുതിയ കേസെടുക്കുന്നതിന്റെ നിയമപരമായ പ്രശ്നങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള കേസിൽ പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യവും പരിഗണനയിലാണ്.

വിഡിയോ പുറത്തുവന്നയുടൻ തന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് വിശദാംശങ്ങൾ പരിശോധിച്ചു തുടങ്ങി. ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസും നാലാംപ്രതി ഫാ. ജെയ്സ് കെ.ജോർജും സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഇതിനിടെ, കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടാംപ്രതി ഫാ. ജോബ് മാത്യു, മൂന്നാംപ്രതി ഫാ. ജോൺസൺ വി.മാത്യു എന്നിവർ നൽകിയ ജാമ്യാപേക്ഷ അടുത്തദിവസം ഹൈക്കോടതി പരിഗണിക്കും.