ലാലിഗ ഫുട്ബോൾ മത്സരങ്ങൾ; കൊച്ചിയിൽ ഗതാഗത നിയന്ത്രണം

(ഫയൽ ചിത്രം)

കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ് ഫുട്ബോൾ മത്സരങ്ങളോടനുബന്ധിച്ച് 24നും 27, 28 തീയതികളിലും നഗരത്തിൽ ഗതാഗതനിയന്ത്രണം.

പ്രധാന നിർദേശങ്ങൾ:

∙ഇടപ്പള്ളി ബൈപാസ് മുതൽ ഹൈക്കോടതി ജങ്ഷൻ വരെ (ബാനർജി റോഡ്) ചെറിയ വാഹനങ്ങൾക്കും സർവീസ് ബസുകൾക്കുമൊഴികെ കർശന നിയന്ത്രണം. മറ്റു വാഹനങ്ങൾ രണ്ടു മണി മുതൽ പാലാരിവട്ടം മുതൽ ഹൈക്കോടതി  ജംക്‌ഷൻ വരെയുള്ള റോഡിൽ പ്രവേശിക്കരുത്. ഒരു വാഹനവും പാർക്ക് ചെയ്യാനും പാടില്ല.

∙ സ്റ്റേഡിയത്തിന്റെ മെയിൻ ഗെയ്റ്റ് മുതൽ സ്റ്റേഡിയം വരെയുള്ള റോഡിലും സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലും സ്റ്റേഡിയത്തിന്റെ പിൻഭാഗം മുതൽ കാരണക്കോടം വരെയുള്ള റോഡിലും പാർക്കിങ് പാടില്ല.

∙ മത്സരം കാണാനായി ചെറിയ വാഹനങ്ങളിൽ വരുന്നവർക്ക് പാലാരിവട്ടം റൗണ്ട് – തമ്മനം റോഡ്, കാരണക്കോടം വഴിയും വൈറ്റില ഭാഗത്തു നിന്ന് എസ്എ റോഡ്, കടവന്ത്ര, കതൃക്കടവ്, കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിറകിലെത്താം. ഇവർ കാരണക്കോടം സെന്റ് ജൂഡ് ചർച്ച് ഗ്രൗണ്ട്, ഐഎംഎ ഗ്രൗണ്ട്, വാട്ടർ അതോറിറ്റി മൈതാനം, ഹെലിപാഡ് മൈതാനം എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യാം. വലിയ വാഹനങ്ങൾ ഇടപ്പള്ളി–വൈറ്റില ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സർവീസ് റോഡുകളിലും സീപോർട്ട് – എയർപോർട്ട് റോഡ്, കണ്ടെയ്നർ ടെർമിനൽ റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

∙ വൈപ്പിൻ, ഹൈക്കോടതി ഭാഗങ്ങളിൽ നിന്നു സ്റ്റേഡിയത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങൾ മണപ്പാട്ടിപ്പറമ്പ് പാർക്കിങ് മൈതാനം, സ്റ്റേഡിയത്തിനു മുന്നിലുള്ള പാർക്കിങ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വൈപ്പിൻ, ചേരാനല്ലൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വലിയ വാഹനങ്ങൾ കളമശ്ശേരി പ്രീമിയർ  ജംക്‌ഷൻ – ഇടപ്പള്ളി ബൈപാസ്  ജംക്‌ഷൻ എന്നിവിടങ്ങളിൽ ആളെയിറക്കി കണ്ടെയ്നർ ടെർമിനൽ റോഡിൽ പാർക്ക് ചെയ്യണം.

∙ ബോൾഗാട്ടിയിൽ നിന്നു ഗോശ്രീ ഒന്നാം പാലം വഴി സർവീസ് ബസുകൾ മാത്രമേ രണ്ടു മണി മുതൽ നഗരത്തിലേക്കു പ്രവേശിപ്പിക്കൂ.

∙വടക്കൻ ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങൾ ആലുവ മണപ്പുറം, മെട്രോ സ്റ്റേഷൻ, കളമശ്ശേരി പ്രീമിയർ  ജംക്‌ഷൻ, ഇടപ്പള്ളി എന്നിവിടങ്ങളിൽ ആളെ ഇറക്കി, ആലുവ മണപ്പുറം, കണ്ടെയ്നർ ടെർമിനൽ റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

∙തെക്കൻ ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങൾ പാലാരിവട്ടം  ജംക്‌ഷനിൽ ആളെ ഇറക്കി, പാലാരിവട്ടം – കുണ്ടന്നൂർ ദേശീയപാതയുടെ ഇരുവശത്തെയും സർവീസ് റോഡുകളിൽ പാർക്ക് ചെയ്യണം.

∙പാസുള്ളവരുടെ വാഹനങ്ങൾ മാത്രമേ സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവേശിപ്പിക്കൂ.

∙ പ്രത്യേക സ്റ്റിക്കർ ഇല്ലാത്ത വാഹനങ്ങൾ സ്റ്റേഡിയം റൗണ്ടിൽ പ്രവേശിപ്പിക്കില്ല.

∙പ്രാഥമിക റൗണ്ട് കളികളുടെ തീയതികളിൽ രാത്രി 9.30 മുതൽ കത്രിക്കടവ്  ജംക്‌ഷനിൽ നിന്നു കാരണക്കോടം  ജംക്‌ഷനിലേക്കും തമ്മനം ജംക്‌ഷനിൽ നിന്നു കാരണക്കോടം ജംക്‌ഷനിലേക്കും വാഹനഗതാഗതം നിരോധിച്ചു.

∙കാരണക്കോടം  ജംക്‌ഷൻ മുതൽ സ്റ്റേഡിയം ബാക്ക് വരെ നാലു വരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഒരു വാഹനത്തിനും ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി പത്തു വരെ പാർക്കിങ് അനുവദിക്കില്ല.