65 വർഷമായി ‘യുദ്ധം തുടരുന്നു’; കാര്യങ്ങൾ തീർപ്പാക്കണമെന്ന് ഉത്തരകൊറിയ

കിം ജോങ് ഉന്നും മൂൺ ജെ ഇന്നും. (ഫയൽ ചിത്രം)

സോൾ ∙ 65 വർഷമായി ‘തുടരുന്ന’ കൊറിയൻ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാൻ ദക്ഷിണ കൊറിയ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഉത്തര കൊറിയ. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനു ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്നു പൂർത്തിയാക്കേണ്ട നടപടിക്രമങ്ങൾ അടിയന്തരപ്രധാന്യം നൽകി പൂർത്തിയാക്കണമെന്നാണ് ആവശ്യം. യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഒത്തുതീർപ്പിന്റെ അർഥം നഷ്ടപ്പെടുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഇരു കൊറിയകളും 1950 ൽ ആരംഭിച്ച യുദ്ധം 1953 ൽ അവസാനിച്ചെങ്കിലും ഔപചാരിക യുദ്ധവിരാമമായിട്ടില്ല. അതുകൊണ്ടുതന്നെ ഇരുകൊറിയകളും സാങ്കേതികമായി യുദ്ധാവസ്ഥയിലാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ ഉത്തര കൊറിയ തലവൻ കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നും തമ്മിൽ നടന്ന ഉച്ചകോടിയിലാണു കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായത്.

സമ്പൂർണ യുദ്ധവിരാമക്കരാർ ഒപ്പുവയ്ക്കാൻ ഇരുകൊറിയകളും തീരുമാനിച്ചെങ്കിലും അതിന് ഇനിയും കടമ്പകളുണ്ട്. 1953ൽ യുദ്ധവിരാമക്കരാർ ഒപ്പുവച്ച യുഎന്നിനോടും ചൈനയോടും ചർച്ച ചെയ്തുമാത്രമേ നടപ്പാക്കാനാവൂ. ഇങ്ങനെയൊരു കരാർ ഒപ്പിടണമെങ്കിൽ ദക്ഷിണ കൊറിയയുടെ ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും. കൺസർവേറ്റീവ് പാർട്ടിക്കു ശക്തമായ വേരോട്ടമുള്ള ദക്ഷിണ കൊറിയയിൽ അവരുടെ എതിർപ്പിനെ മറികടന്നുവേണം ഇതു ചെയ്യാൻ. മൂന്നു വർഷം നീണ്ടുനിന്ന കൊറിയൻ യുദ്ധത്തിൽ അഞ്ചുലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്.