ചോക്സി ആന്റിഗ്വയിലേക്ക് കടന്നു; ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾ

മെഹുൽ ചോക്സി.

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിന്റെ (പിഎൻബി) സാമ്പത്തിക ക്രമക്കേടിൽ പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിലേക്കു കടന്നതായി റിപ്പോർട്ട്. ആന്റിഗ്വയിലെത്തിയ ചോക്സി അവിടുത്തെ പാസ്പോർട്ടും സംഘടിപ്പിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

13,500 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ചോക്സിയും നീരവ് മോദിയും കുടുംബസമേതം ജനുവരിയിലാണു രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണു പിഎൻബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്. അന്നുമുതൽ ഇരുവരും എവിടെയെന്നതിൽ അന്വേഷണ ഏജൻ‍സികൾക്കും വ്യക്തതയില്ലായിരുന്നു. നീരവ് മോദി ഇപ്പോൾ ബെൽജിയം തലസ്ഥാനമായ ബ്രസൽസിലുണ്ടെന്നാണു വിവരം.

ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറന്റാണു പുറപ്പെടുവിച്ചിരുന്നത്. ഇന്റർപോൾ റെഡ്കോർണർ നോട്ടിസും ഇറക്കി. ഇന്റർപോളിന്റെ രണ്ടാമത്തെ നോട്ടിസ് പുറത്തിറങ്ങിയതിനു പിന്നാലെ ചോക്സി ഈ മാസം അവിടെയെത്തിയതായി ആന്റിഗ്വൻ അധികൃതർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിക്കുകയായിരുന്നു.

നീരവ് മോദിക്കും മ‌െഹുൽ ചോക്സിക്കുമായി ഇന്ത്യയിലും യുകെയിലും യുഎഇയിലുമായി 3,500 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇഡി മുംബൈയിലെ കോടതിയെ കഴിഞ്ഞമാസം അറിയിച്ചിരുന്നു. തന്നെ ഇന്ത്യയിലെത്തിച്ചാൽ ജനക്കൂട്ടം മർദ്ദിച്ചുകൊല്ലുമെന്നു വ്യക്തമാക്കി ചോക്സി ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻജീവനക്കാരും കടം വാങ്ങിയവരും തന്നെ ആക്രമിക്കുമെന്നും ജയിലിൽ പോലും സുരക്ഷയുണ്ടാവില്ലെന്നുമാണ് ചോക്സി അറിയിച്ചത്.