ബിജെപിയുടെ ഇഷ്ടപട്ടികയിൽ ഇടമില്ലാതെ ഒപിഎസ്; തമിഴ് മണ്ണിൽ പുതിയ രാഷ്ട്രീയം?

ചെന്നൈ ∙ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനു കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ. ഒ.പനീർസെൽവം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇഷ്ടക്കാരുടെ പട്ടികയിൽനിന്നു പുറത്താകുന്നതിന്റെ സൂചനയായി ചിലർ ഇതിനെ വ്യാഖ്യാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിൽ സഖ്യത്തിനുള്ള സാധ്യത മങ്ങിയെന്നാണു മറ്റൊരു വ്യാഖ്യാനം. 

ചെന്നൈയിൽ തിരിച്ചെത്തിയ പനീർസെൽവം പ്രതികരണത്തിനു തയാറായില്ല. ജയലളിതയുടെ മരണശേഷം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തനായി മാറിയ പനീർസെൽവത്തിന് ആദ്യമായാണു ഡൽഹിയിൽനിന്നു നിരാശയോടെ മടങ്ങേണ്ടിവന്നത്. ഉപമുഖ്യമന്ത്രിക്കു കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകവഴി തമിഴ്നാടിനെ കേന്ദ്രമന്ത്രി അപമാനിച്ചുവെന്ന് അണ്ണാ ഡിഎംകെയിലെ ഒപിഎസ് വിഭാഗം ആരോപിക്കുന്നു. പനീർസെൽവത്തിന്റെ സഹോദരനെ മധുരയിൽനിന്നു ചെന്നൈ അപ്പോളോയിലേക്കു ചികിൽസയ്ക്കായി കൊണ്ടുവരുന്നതിനു സൈന്യത്തിന്റെ എയർ ആംബുലൻസ് വിട്ടു നൽകിയിരുന്നു. 

ഇതിനു നേരിൽ കണ്ടു നന്ദി പറയുകയെന്ന ലക്ഷ്യത്തോടെയാണു പനീർസെൽവം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്. വിശ്വസ്തരായ കെ.പി.മുനുസാമി, വി.മൈത്രേയൻ, മനോജ് പാണ്ഡ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. വിശ്വസ്തൻ മൈത്രേയനാണ് പനീർസെൽവത്തിനുവേണ്ടി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി വാങ്ങിയത്. ഉച്ചയോടെ തമിഴ്നാട് ഭവനിൽനിന്നു മൈത്രേയനും പനീർസെൽവവും മന്ത്രിയുടെ ഓഫിസായ സൗത്ത് ബ്ലോക്കിലേക്കു പുറപ്പെട്ടു. 

ഇതിനു പിന്നാലെ വന്ന നിർമല സീതാരാമന്റെ ട്വീറ്റാണു വിവാദങ്ങൾക്കു തിരികൊളുത്തിയത്. വി.മൈത്രേയൻ എംപിക്കാണു കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചത്. തമിഴ്നാട് ഉപമുഖ്യമന്ത്രി പ്രതിരോധമന്ത്രിയെ കണ്ടിട്ടില്ല എന്നായിരുന്നു ട്വീറ്റ്. മൈത്രേയൻ പനീർസെൽവത്തിനു വേണ്ടിയാണു സമയം ചോദിച്ചതെന്നു മന്ത്രിക്ക് അറിയാമെന്നാണ് ഒപിഎസ് വിഭാഗം പറയുന്നത്. 

സുരക്ഷാ പരിശോധനയുടെ ഭാഗമായി പനീർസെൽവത്തിന്റെ കാറിന്റെ വിവരങ്ങൾ മന്ത്രിയുടെ ഓഫിസിൽനിന്നു തിരക്കിയിരുന്നു. സഹോദരന്റെ ചികിൽസയ്ക്കായി സൈനിക എയർ ആംബുലൻസ് വിട്ടു കൊടുത്തതു പരസ്യപ്പെടുത്തിയതാണു മന്ത്രിയെ ചൊടിപ്പിച്ചതെന്നു വാദമുണ്ട്. കൂടിക്കാഴ്ചയ്ക്കായി മാത്രം ഡൽഹിയിലെത്തിയ പനീർസെൽവം വെറുംകയ്യോടെ മടങ്ങിയത് അണ്ണാ ഡിഎംകെ – ബിജെപി ബന്ധത്തിൽ പ്രത്യാഘാതമുണ്ടാക്കുമോയെന്നു കണ്ടറിയണം.