മദ്യം കഴിപ്പിച്ചു, മൊട്ടയടിച്ചു; മനോരോഗിയാക്കാൻ ഇന്ദ്രാണി ശ്രമിച്ചെന്ന് മകൻ

ഇന്ദ്രാണി മുഖർജി, മിഖൈൽ ബോറ

മുംബൈ ∙ കൊല്ലപ്പെട്ട ഷീന ബോറ മകൾ അല്ലെന്നു വരുത്തിത്തീർക്കാൻ ഇന്ദ്രാണി മുഖർജി തന്നെ മനോരോഗിയാക്കാൻ ശ്രമിച്ചെന്ന് അവരുടെ മറ്റൊരു ബന്ധത്തിലുള്ള മകൻ മിഖൈൽ ബോറയുടെ വെളിപ്പെടുത്തൽ. മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രിക് വിഭാഗത്തിലാണ് പ്രവേശിപ്പിച്ചതെന്നും സിബിഐ കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു. ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്നു മിഖൈൽ (28) പറഞ്ഞാൽ ആരും വിശ്വസിക്കാതിരിക്കാനായിരുന്നു ഇത്. നിലവിലെ ഭർത്താവ് പീറ്റർ മുഖർജിയോടു പോലും ഷീന തന്റെ അനുജത്തിയാണെന്നാണ് ഇന്ദ്രാണി ധരിപ്പിച്ചിരുന്നത്.

പ്രോസിക്യൂഷൻ സാക്ഷിയായാണ് മിഖൈൽ കോടതിയിൽ ഹാജരായത്. ഷീന ബോറയെ വധിച്ചകേസിൽ പ്രതിയാണ് ഇന്ദ്രാണി മുഖർജി. പീറ്റർ മുഖർജി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന എന്നിവരാണ് മറ്റു പ്രതികൾ. ‌കോടതിയിൽ രണ്ടാം സാക്ഷിയായി എത്തിയ മിഖൈൽ തന്റെ ബാല്യം, സ്കൂൾ പഠനകാലം, മാതാവ് ഇന്ദ്രാണിയെ കാണാനായി ഇടയ്ക്കിടെ മുംബൈയിലേക്കുള്ള വരവ് എന്നിവ വിവരിക്കവേയാണ് മനോരോഗ ചികിൽസ നടത്തിയ വിവരം വെളിപ്പെടുത്തിയത്.

ഇന്ദ്രാണിയും സിദ്ധാർഥ് ദാസുമാണ് തന്റെ മാതാപിതാക്കളെങ്കിലും താൻ വളർന്നത് മുത്തച്ഛനും മുത്തശ്ശിയുമായ ഉപേന്ദ്ര, ദുർഗാറാണി എന്നിവർക്കൊപ്പമാണെന്നും മിഖൈൽ പറഞ്ഞു. ബാല്യത്തിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കവേ, ഇരുവരും എന്തോ കാര്യത്തിനു വഴക്കിട്ടു വീട്ടിൽ നിന്നുപോയി.

വാടകവീട്ടിൽ ഒറ്റയ്ക്കായ തന്നെയും സഹോദരി ഷീനയെയും വീട്ടു ജോലിക്കാരിയാണ് അമ്മയുടെ മാതാപിതാക്കളുടെ അടുത്ത് എത്തിച്ചത്. അതിനുശേഷം മിഖൈലിന്റെയും ഷീനയുടെയും ജനന സർട്ടിഫിക്കറ്റ് ഇന്ദ്രാണി തിരുത്തി. ഇന്ദ്രാണിയുടെ മാതാപിതാക്കളാണ് ഇരുവരുടെയും ശരിക്കുള്ള രക്ഷിതാക്കൾ എന്നായിരുന്നു തിരുത്തൽ. സ്കൂൾ പ്രവേശനത്തിന് ഇതുപകരിക്കുമെന്നാണ് ഇന്ദ്രാണി മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചത്. ഏറെക്കാലം ഇന്ദ്രാണി എവിടെയെന്ന് ആരുമറിഞ്ഞില്ല.

ഇരുവരും 9, 10 ക്ലാസുകളിൽ പഠിക്കുമ്പോൾ ഇന്ദ്രാണി മുംബൈയിലെ പീറ്ററിനെ വിവാഹം കഴിച്ചെന്നു വാർത്തവന്നിരുന്നു. തുടർന്ന് മുത്തച്ഛൻ അഡ്രസ് കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടു. തിരിച്ചു വിളിച്ച ഇന്ദ്രാണി, മക്കളെ കൊൽക്കത്തിയിലെ ഹോട്ടലിലേക്ക് അയയ്ക്കാൻ നിർദേശിച്ചു. സമൂഹത്തിൽ തനിക്ക് വലിയ പദവിയാണെന്നും മക്കളാണെന്നു പറയരുതെന്നും സഹോദരങ്ങൾ ആണെന്നേ പറയാവൂ എന്നും സാമ്പത്തികമായി സഹായിക്കാമെന്നും നിർദേശിച്ചു. ഇതിനിടെ, മിഖൈലിനെ ബെംഗളൂരുവിൽ പഠിപ്പിക്കാൻ വിട്ടു. അവിടെ പഠനം ശരിയാകുന്നില്ലെന്നു പറഞ്ഞപ്പോൾ മുംബൈയ്ക്കു വിളിപ്പിച്ചു. ഐഎൻഎക്സിന്റെ ഓഫിസിൽ കൂട്ടിക്കൊണ്ടു പോയി. ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന അവിടെയുണ്ടായിരുന്നു.

ഖന്നയോട് ക്ലൈന്റ് എന്നാണ് പരിചയപ്പെടുത്തിയതെന്നും മിഖൈൽ പറഞ്ഞു. ഇന്ദ്രാണിയുടെ നിർദേശപ്രകാരം ഖന്ന തന്നെ അന്നുരാത്രി ഡിസ്കോയിൽ കൊണ്ടു പോയി. മദ്യപിക്കാറില്ലെന്നു പറഞ്ഞിട്ടും നിർബന്ധിച്ച് മദ്യപിപ്പിച്ചു. ബോധം തെളിഞ്ഞപ്പോൾ ഏതോ മുറിയിൽ കൈയും കാലും കെട്ടിയ നിലയിലായിരുന്നു. തലമൊട്ടയടിച്ചിരുന്നു. താൻ നിലവിളിക്കാൻ തുടങ്ങിയപ്പോൾ രണ്ടു ജീവനക്കാർ മർദിച്ചു.

അവർ എന്തോ കുത്തിവച്ചപ്പോൾ വീണ്ടും മയങ്ങിവീണു. ലഹരിമരുന്നിന് അടിമയെന്നു പറഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഒരിക്കൽപ്പോലും ലഹരിമരുന്ന് കഴിച്ചിട്ടില്ലെന്നും മിഖൈൽ കോടതിയിൽ മൊഴി നൽകി. ഷോക്കടിപ്പിക്കൽ അടക്കം പല ക്രൂരതകൾ കാട്ടി. എല്ലാ കാര്യങ്ങളും കോടതിയിൽ വെളിപ്പെടുത്താനാകാത്തതാണെന്നും മിഖൈൽ പറഞ്ഞു.