ചോക്സി ആന്റിഗ്വയിൽ; (കള്ള)പണക്കാരെ നോട്ടമിട്ട രാജ്യങ്ങൾ

മൊഹുൽ ചോക്സി. ചിത്രം: ട്വിറ്റർ

ലണ്ടൻ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള വായ്പത്തട്ടിപ്പ് പുറത്തുവരുന്നതിനു മുൻപുതന്നെ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ഇപ്പോഴുള്ളത് കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ. യുഎസിൽ നിന്ന് ഇവിടെയെത്തിയ ചോക്സി ഇവിടത്തെ പാസ്പോർട്ടും കരസ്ഥമാക്കി. അത്രയെളുപ്പം കിട്ടുന്നതാണോ ആന്റിഗ്വൻ പൗരത്വം? ചോക്സിക്കു മാത്രമല്ല കയ്യിൽ പണമുള്ള ആർക്കും പൗരത്വം ‘വിലയ്ക്കുവാങ്ങാം’ എന്നതാണു ഇവിടത്തെ പ്രത്യേകത.

വരവിൽ കവിഞ്ഞ സമ്പാദ്യമുള്ളവരെയെല്ലാം നോട്ടമിട്ടിരിക്കുന്ന ദ്വീപു രാജ്യമാണ് ആന്റിഗ്വ. ഇന്ത്യൻ കോടീശ്വരന്മാർക്കും ഇവിടെ ഇഷ്ടമാണ്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി നിക്ഷേപം നടത്തുന്നവർക്ക് ‘സൗജന്യമായി’ പൗരത്വം നൽകുന്നതാണ് പതിവ്. ഇവിടെ ജനിക്കുകയോ താമസിക്കുകയോ നിർബന്ധമല്ല. പൗരത്വം വേണമെന്നറിയിച്ചാൽ ഏതാനും മാസങ്ങൾക്കകം സംഗതി റെഡി. ‘പൗരത്വ വിൽപന’ പ്രധാന വരുമാനമാർഗവുമാണ്.

യുഎസിൽ ഒളിവിൽ കഴിയവെ, ആന്റിഗ്വ ആൻഡ് ബർബുഡ പാസ്പോർട്ട് കിട്ടാൻ ചോക്സി ചെയ്തതെന്തായിരിക്കും? ആന്റിഗ്വ ദേശീയ വികസന നിധിയിലേക്ക് രണ്ടു ലക്ഷം ഡോളർ (1.3 കോടി രൂപ) സംഭാവന നൽകിയിട്ടുണ്ടാകാം. ആന്റിഗ്വയിൽ റിയൽ എസ്റ്റേറ്റിൽ നാലു ലക്ഷം ഡോളർ (2.7 കോടി രൂപ) നിക്ഷേപം നടത്തിയിരിക്കാം. അതുമല്ലെങ്കിൽ ബിസിനസിനായി 15 ലക്ഷം ഡോളർ (10.3 കോടി രൂപ) നിക്ഷേപം നടത്തിയിരിക്കാം. ഇതിലേതെങ്കിലും ഒരു കാര്യം ചെയ്താൽ, പൗരത്വം കിട്ടും.

നിസ്സാരക്കാരനല്ല ആന്റിഗ്വൻ പാസ്പോർട്ട്. യുകെ ഉൾപ്പെടെ 132 രാജ്യങ്ങളിലേക്കു സഞ്ചരിക്കാനാകും. പൗരത്വം നഷ്ടമാകാതിരിക്കാൻ അഞ്ചു വർഷത്തിനിടെ ഏതെങ്കിലും അഞ്ചു ദിവസം മാത്രം രാജ്യത്തു താമസിക്കണമെന്ന വ്യവസ്ഥയുണ്ട്. ആന്റിഗ്വയിൽ മാത്രമല്ല, കരീബിയയിലെ മറ്റൊരു രാജ്യമായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിലും കാര്യങ്ങൾ സമാനമാണ്. ദേശീയ നിധിയിലേക്ക് ഒന്നര ലക്ഷം ഡോളർ സംഭാവനയോ സർക്കാരിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽ രണ്ടു ലക്ഷം ഡോളർ നിക്ഷേപമോ നടത്തിയാൽ പാസ്പോർട്ട് ലഭിക്കും. ഇന്ത്യ, യുകെ ഉൾപ്പെടെ 141 രാജ്യങ്ങളിൽ സഞ്ചരിക്കാം.

പൗരത്വത്തിന് പണം ചെലവഴിക്കാൻ പിശുക്കുള്ളവരെ കാത്തിരിക്കുന്ന കരീബിയൻ രാജ്യമാണു ഡൊമിനിക. ഒരു ലക്ഷം ഡോളർ (68 ലക്ഷം രൂപ) രാജ്യത്തിനു സംഭാവന നൽകിയാൽ മതി. രാജ്യം സന്ദർശിക്കുകയോ സ്വന്തം വസതിയോ ആവശ്യമില്ല– വിസ ഫ്രീ. യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ, ഹോങ് കോങ് ഉൾപ്പെടെ 115 രാജ്യങ്ങളിൽ കറങ്ങിനടക്കാൻ ഈ പാസ്പോർട്ട് മതി. രണ്ടാം പൗരത്വം നൽകുന്ന മറ്റൊരു രാജ്യമായ സെന്റ് ലൂസിയയുടെ നിരക്ക് ഇങ്ങനെ: ഒരു ലക്ഷം ഡോളർ സംഭാവന/ സർക്കാർ ബോണ്ടിൽ അഞ്ചുലക്ഷം ഡോളർ നിക്ഷേപം/ മൂന്നു ലക്ഷം ഡോളറിന്റെ വസതി.

നീരവ് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് നൽകിയെങ്കിലും ചോക്സിയുടെ കാര്യത്തിൽ നടപടി പൂർത്തിയായിട്ടില്ല. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,400 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സിബിഐ കുറ്റപത്രം നൽകിയിട്ടുണ്ട്. നീരവിനൊപ്പം അമ്മാവൻ മെഹുൽ ചോക്സിയും പിഎൻബി ഉദ്യോഗസ്ഥരും ഉൾപ്പെടെ പ്രതികളാണ്. വിദേശത്തുനിന്നു വായ്പയെടുക്കാൻ ജാമ്യപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിങ്) നൽകുന്നതിൽ ഉൾപ്പെടെ റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ പിഎൻബി പാലിച്ചില്ലെന്നാണു സിബിഐ കണ്ടെത്തൽ.