ദീദിയെന്നേ വിളിക്കാവൂ; വിഷം നൽകി കൊല്ലാൻ ശ്രമിച്ചു: ഇന്ദ്രാണിക്കെതിരെ മകൻ

ഇന്ദ്രാണി മുഖർജി, പീറ്റർ (ഫയൽ ചിത്രം)

മുംബൈ∙ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയുടെ മകനായതിനാൽ ജോലികിട്ടാൻ വിഷമിക്കുകയാണെന്നു മിഖൈൽ ബോറ പ്രത്യേക കോടതിയിൽ പറഞ്ഞു. ഷീന ബോറ വധക്കേസുമായി ബന്ധപ്പെട്ടുള്ള തന്റെ മൊഴിയെടുക്കൽ പെട്ടെന്ന് അവസാനിപ്പിക്കണമെന്നും വൈകിയാൽ ഗുവാഹത്തിയിൽ അടുത്തിടെ കിട്ടിയ തന്റെ ജോലി നഷ്ടപ്പെടുമെന്നും മിഖൈൽ കോടതിയിൽ ആശങ്ക പ്രകടിപ്പിച്ചു. ഷീനയുടെ സഹോദരനും വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണിയുടെ മകനുമായ മിഖൈൽ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയാണ്.

രണ്ടു വർഷമായി ജോലിയില്ലാതെ അലഞ്ഞ തനിക്ക് അടുത്തിടെയാണ് ഗുവാഹത്തിയിലെ റസ്റ്ററന്റിൽ ജോലി കിട്ടിയതെന്നും പ്രത്യേക കോടതി ജ‍ഡ്ജി ജെ.സി.ജഗ്ദാളെയുടെ മുൻപിൽ മിഖൈൽ ബോധിപ്പിച്ചു. മൊഴിയെടുക്കൽ രണ്ടാം ദിവസമായ ഇന്നലെയും തുടർന്ന ശേഷം അടുത്ത തീയതിക്കായി ഇരുവിഭാഗം അഭിഭാഷകരും തമ്മിൽ തർക്കിക്കവെയാണ്, സാക്ഷിക്കൂട്ടിൽ നിന്ന മിഖൈൽ ജോലി കിട്ടാനുള്ള പ്രയാസത്തെപ്പറ്റി സൂചിപ്പിച്ചത്. കഴിയുമെങ്കിൽ തനിക്കൊരു ജോലി ശരിയാക്കി തരാനും മിഖൈൽ അപേക്ഷിച്ചു. തുടർന്ന് മിഖൈലിന്റെ മൊഴിയെടുപ്പു പൂർത്തിയാക്കാൻ ജഡ്ജി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ഇന്ദ്രാണി മുഖർജി, മിഖൈൽ ബോറ

പ്രതിഭാഗം അഭിഭാഷകന് ക്രോസ് വിസ്താരം നടത്താനുളള തീയതി തീരുമാനിച്ച ശേഷം മിഖൈലിനെ അറിയിക്കാനും കോടതി നിർദേശിച്ചു. ഇന്ദ്രാണി മുഖർജി തന്നോട് രണ്ടാനമ്മയെപോലെയാണ് പെരുമാറിയിരുന്നതെന്നു ഷീന പരാതിപ്പെട്ടിരുന്നതായി മിഖൈൽ ഇന്നലെ മൊഴിനൽകി. മുൻ ഭർത്താവ് സഞ്ജീവ് ഖന്നയുടെ മകളായ വിധിയോടായിരുന്നു ഇന്ദ്രാണിക്ക് താൽപര്യം. ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മകളാണു ഷീന. ഈ വിഷയത്തിൽ ഷീനയും ഇന്ദ്രാണിയും വഴക്കിടുക പതിവായിരുന്നു. ഇന്ദ്രാണിയെ അമ്മയെന്നു വിളിക്കാൻ ഷീനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ദീദി (ചേച്ചി)യെന്നു വിളിക്കാനായിരുന്നു ഇന്ദ്രാണിയുടെ നിർദേശം.

ഷീന ബോറ

തന്നെയോ ഷീനയെയോ മക്കളായി, രഹസ്യമായോ പരസ്യമായോ അംഗീകരിക്കാൻ ഇന്ദ്രാണി ഒരുക്കമായിരുന്നില്ലെന്നും മിഖൈൽ പറഞ്ഞു. ഇപ്പോഴത്തെ ഭർത്താവ് പീറ്റർ മുഖർജിയോടു പോലും ഷീനയും താനും ഇളയസഹോദരങ്ങളെന്നാണ് ഇന്ദ്രാണി ധരിപ്പിച്ചിരുന്നത്. ഷീന വധക്കേസിൽ അറസ്റ്റിൽ ആകുന്നതുവരെ, പീറ്ററിന്റെ ഐഎൻഎക്സ് ഗ്രൂപ്പിന്റെ പ്രമോട്ടറായിരുന്നു ഇന്ദ്രാണി. ഭർത്താവ് പീറ്ററിന്റെ ആദ്യബന്ധത്തിലെ മകൻ രാഹുലുമായി ഷീനയ്ക്ക് ‌‌അടുപ്പമുണ്ടായിരുന്നത് ഇന്ദ്രാണിയെ ചൊടിപ്പിച്ചിരുന്നതായും മിഖൈൽ വെളിപ്പെടുത്തി.

ഇരുവരും തമ്മിലുളള അടുപ്പം തനിക്ക് ഇഷ്ടമല്ലെന്നും ആ ബന്ധം ശാശ്വതമാകില്ലെന്നു ഷീനയെ ധരിപ്പിക്കണമെന്നും ഇന്ദ്രാണി ഇടയ്ക്കിടെ ഫോൺ ചെയ്തു തന്നോട് പറയുമായിരുന്നു. രാഹുലുമായുളള ബന്ധം തുടർന്നാൽ, സ്വത്തവകാശം ഇല്ലാതാക്കുമെന്ന് ഇന്ദ്രാണി എസ്എംഎസ് സന്ദേശം വഴി മുന്നറിയിപ്പു നൽകിയിരുന്നതായും മിഖൈൽ മൊഴി നൽകി. തന്നെ മാനസികരോഗിയാക്കി മാറ്റാൻ ശ്രമിച്ച ഇന്ദ്രാണി പിന്നീട് തനിക്ക് വിഷം നൽകി വധിക്കാൻ ശ്രമിച്ചെന്നും മിഖൈൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

2012 ഏപ്രിലിലാണ് മുൻഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരുടെ സഹായത്തോടെ കാറിൽ വച്ച് ഷീനയെ ഇന്ദ്രാണി ശ്വാസം മുട്ടിച്ചു കൊന്നത്. അനധികൃതമായി ആയുധം കൈവശം വച്ച കേസിൽ റായ് 2015 ഓഗസ്റ്റിൽ അറസ്റ്റിലായതിനെ തുടർന്നാണ് വധക്കേസ് പുറത്തുവരുന്നത്. ഈ മൂന്നു പ്രതികളെയും ആദ്യം അറസ്റ്റ് ചെയ്ത പൊലീസ്, ഭർത്താവ് പീറ്ററിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്ന് പിന്നീട് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പീറ്റർ വിദേശത്തായിരുന്നു. സിബിഐ ആണിപ്പോൾ കേസ് അന്വേഷിക്കുന്നത്.