ജീവിതത്തിൽ മട വീഴ്ത്തിയ പെരുമഴ; ഇല്ല, കുട്ടനാട്ടുകാരുടെ സ്വപ്നപ്പച്ച വാടില്ല!

പള്ളാത്തുരുത്തി കുറവപ്പാടത്തെ വെള്ളം പമ്പ് ചെയ്ത് കൃഷി രക്ഷിക്കാനുള്ള കർഷകരുടെ ശ്രമം. ചിത്രം: മനോരമ

കുട്ടനാട് ∙ കായൽനീലയും വയൽപ്പച്ചയുമൊക്കെ തിരികെക്കിട്ടാൻ ആഴ്ചകളോ മാസങ്ങളോ വേണ്ടിവരും കുട്ടനാടിന്. അപ്പോഴും തീരില്ല, മനുഷ്യരുടെ ദുരിതം. രണ്ടാംകൃഷിയുടെ നല്ല പങ്കും നഷ്ടപ്പെട്ട കുട്ടനാട്ടുകാരുടെ പഞ്ഞകാലം കർക്കടകം കഴിഞ്ഞും നീളാം. ഇങ്ങനെയൊരു വെള്ളപ്പൊക്കം എന്റെ ഓർമയിലില്ല എന്നു പറയുന്നതു ചെറുപ്പക്കാരല്ല, പ്രായമേറിയ കുട്ടനാട്ടുകാരാണ്.

പെരുമഴയിൽ ആറും തോടും കവിഞ്ഞു കയറിയത് അവരുടെ ചെറിയ സ്വത്തുക്കളിലേക്കാണ്. ചെറിയ വീട്, ഇത്തിരി മണ്ണ്. എല്ലാം തിരിച്ചുകിട്ടാൻ വെള്ളം വലിയണം. പാടങ്ങൾ മുങ്ങിയതിന്റെ നഷ്ടം ഉടമകൾക്കു മാത്രമല്ല. പണി നഷ്ടമായ കർഷകത്തൊഴിലാളികളുടെ നിത്യവൃത്തിക്കു മേലും മട വീണു. അവർ ചിലപ്പോഴൊക്കെ ചിരിക്കുന്നെന്നേയുള്ളൂ.

ആറും പാടവും തോടുമൊക്കെ ഒന്നാക്കി പരന്നുകിടക്കുന്ന വെള്ളം ഒഴിഞ്ഞുപോകാൻ ആഴ്ചകൾ നീളുന്ന പമ്പിങ് വേണ്ടിവരും. പാടശേഖരങ്ങൾക്കു നടുവിലെ വീട്ടുകാർക്കു ദുരിതം അത്രയും കൂടി നീളും. മട കുത്താനും പാടങ്ങൾ പഴയതുപോലെയാക്കാൻ പിന്നെയും വൈകും. കുട്ടനാട്ടിൽ വെള്ളത്തിന്റെ പിൻമാറ്റമെന്നാൽ രോഗങ്ങളുടെ വേലിയേറ്റമെന്നാണർഥം. ചർമരോഗങ്ങൾ തുടങ്ങിയിട്ടുണ്ട്. പിന്നാലെ എലിപ്പനി പോലുള്ളവ വ്യാപിച്ചേക്കാം. വീടു വീണ്ടെടുത്താലും രോഗങ്ങൾ വിലങ്ങനെ നിൽക്കും.

കുട്ടനാടിന്റെ നെട്ടായമായ എസി റോഡ് മിക്കയിടത്തും വെള്ളത്തിലാണ്. വണ്ടിയോട്ടം നിലച്ചിട്ട് ഏറെ നാളായി. വെള്ളക്കെട്ടുകളിൽ വള്ളവും ട്രാക്ടറും പിടിച്ചു വേണം നാട്ടുകാർക്ക് ആശുപത്രിയിൽ പോലും എത്താൻ. റോഡിൽ അങ്ങിങ്ങു മാത്രമേ വണ്ടിയോടുന്നുള്ളൂ. ബോട്ട് പിടിച്ചു വീട്ടിലെത്തുന്നവർക്കും പാടു തന്നെ. മണിക്കൂറുകൾ വൈകുന്നു, ബോട്ട് സർവീസുകൾ.

ഒരു മട വീണാൽ ഒരു പാടമല്ല, ചേർന്നുള്ള പാടങ്ങളും വീടുകളുമൊക്കെ മുങ്ങും. കൂട്ടംചേർന്നുള്ള പലായനം അവിടെ തുടങ്ങുന്നു. ജലാശയങ്ങൾക്കടുത്തുള്ള വീടുകളിലേ കുറച്ചൊക്കെ വെള്ളമിറങ്ങിയിട്ടുള്ളൂ. ചെറിയ വീടുകൾ മിക്കതിനും കേടുപറ്റിയിട്ടുണ്ട്. ഭിത്തികൾ പൊട്ടി. മേൽക്കൂര പൊളിഞ്ഞു. സുരക്ഷിതമല്ല, വീടിനകവും. കേടു തീർക്കാൻ ആരു സഹായിക്കും? ആഴ്ചകളായി പണിയില്ലാത്തവരുടെ പക്കൽ പണമെവിടെ?

വെള്ളപ്പാച്ചിൽ...: കുട്ടനാട്ടിലിപ്പോൾ ഇതു സാധാരണ കാഴ്ചയാണ്. എവിടെയെങ്കിലും ആരെങ്കിലും ശുദ്ധജലം എത്തിച്ചെന്നു കേട്ടാൽ വള്ളമെടുത്തോ വെള്ളത്തിലൂടെ പാഞ്ഞോ ആളുകൾ എത്തും. നിറയെ വെള്ളമാണെങ്കിലും ശുദ്ധജലമാണു കിട്ടാക്കനി. കുപ്പിവെള്ള പാക്കറ്റുകൾ ശേഖരിച്ചു ദുരിതാശ്വാസ ക്യാംപിലേക്കു മടങ്ങുന്ന സ്ത്രീകളുടെ ദൃശ്യം ചമ്പക്കുളം നടുഭാഗത്തുനിന്ന്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ

മുങ്ങിപ്പൊങ്ങിയ വീടുകളിൽ നേരേ വന്നു കയറി താമസിക്കാനാവില്ല. പാമ്പുകൾ കയറിയിട്ടുണ്ടാവും. വെള്ളമെത്താത്ത ഉയരത്തിൽ കയറ്റിവച്ച അത്യാവശ്യ സാധനങ്ങളിലാവും ചിലപ്പോൾ അവയുടെ മാളം. വൈദ്യുതിയില്ലെങ്കിൽ ഇരുട്ടിൽ ചവിട്ടുന്നതു പാമ്പിനെയാവാം. വീടിനുള്ളിലെ ചെളിക്കെട്ടു നീക്കണം. അണുനാശിനി ഉപയോഗിച്ചു കഴുകണം. അതിനും നല്ല വെള്ളമില്ല. പലായനത്തിനു മുൻപു വീട്ടിലെ മോട്ടോർ മിക്കവരും അഴിച്ചു‌വച്ചിരുന്നു.

കുട്ടനാടിന്റെ സവിശേഷതയായ രണ്ടാം കൃഷി ഇക്കുറി പാഴ്‌വേലയായി. നേരത്തേ വിതച്ചു. ഭൂരിഭാഗവും മട വീണ്, വെള്ളം കയറി നശിച്ചു. കുറച്ചു പാടത്തേ ഉള്ളൂ എങ്കിലും രണ്ടാം കൃഷി കുറേപ്പേർക്കു തൊഴിൽ നൽകിയിരുന്നു. ഉൽപാദനവും കൂടി. ഇനി പുഞ്ചക്കൃഷിയാണ് കുട്ടനാടിന്റെ സ്വപ്നപ്പച്ച. അതിനായി വൈകാതെ പമ്പിങ് തുടങ്ങണം. ഉഴുത്, കള നീക്കി, കണ്ടമുണക്കണം. വീണ്ടും പൊന്തുന്ന കള നീക്കാൻ പിന്നെയും വെള്ളം കയറ്റണം.

ചിങ്ങത്തിൽ രണ്ടാം കൃഷിക്കു പാടത്തിറങ്ങുന്നവർക്കു പിന്നെയൊരു പുഞ്ചക്കൃഷിക്കു പഴുതില്ല. 120 ദിവസം വീതമാണ് കുട്ടനാടിന്റെ കൃഷി കലണ്ടർ. തുലാമാസത്തിൽ വിതച്ചു കുംഭത്തിൽ കൊയ്യുന്ന പുഞ്ചക്കൃഷിയും ചിങ്ങത്തിൽ വിതച്ചു ധനുവിൽ കൊയ്യുന്ന രണ്ടാം കൃഷിയും. മണ്ണുംവീടും ജീവിതം തന്നെയും കവരുന്ന ദുരിതം വർണിക്കുമ്പോഴും കുട്ടനാട്ടുകാർക്കു പൊതുവേ മുഖം വാടാറില്ല. കാരണം, അവരുടെ മനസ്സിലുയരുന്ന മടകൾ കരുത്തുറ്റതാണ്.