ഷെരീഫിന് തിരിച്ചടി: ഇമ്രാൻ ഖാന്റെ പാർട്ടി വലിയ ഒറ്റകക്ഷി; പാക്കിസ്ഥാനിൽ ത്രിശങ്കുസഭ?

ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ പ്രവർത്തകരുടെ വിജയാഘോഷം

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ ജയലിലായതിനു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിക്ക് വൻതിരിച്ചടി. മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ (65) നയിക്കുന്ന പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. പൂർണഫലം പുറത്തുവന്നിട്ടില്ലെങ്കിലും പിടിഐ 119 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നാഷനൽ അസംബ്ലിയിലേക്കുള്ളവയിൽ നേരിട്ടു തിഞ്ഞെടുപ്പു നടക്കുന്ന 272 സീറ്റുകളിലാണ് പിടിഐ മൽസരിച്ചത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിന് (പിഎംഎൽ–എൻ) 65 സീറ്റുകളിൽ മാത്രമാണു ലീ‍ഡുള്ളത്.

മുൻപ്രസിഡന്റും ബേനസീർ ഭൂട്ടോയുടെ ഭർത്താവുമായ ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്‌ലിസെ അമൽ (എംഎംഎ) എട്ടു സീറ്റിലും മുന്നിലാണ്. ത്രിശങ്കുസഭയ്ക്കുള്ള കളമൊരുങ്ങിയതോടെ പിപിപിയുടെ നിലപാട് നിർണായകമാകുമെന്നാണു വിലയിരുത്തൽ. അതിനിടെ, തിരഞ്ഞെടുപ്പ് ഫലത്തിൽ എതിർപ്പുമായി ഷെരീഫിന്റെ പാർട്ടി രംഗത്തെത്തി. പാക്കിസ്ഥാനിൽ നടന്നത് തിരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പാണെന്ന് അവർ ആരോപിച്ചു.‌

പാക്കിസ്ഥാന്റെ നാഷനൽ അസംബ്ലിയിൽ 342 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 272 എണ്ണത്തിലാണ് നേരിട്ടു മൽസരമുള്ളത്. ബാക്കി 60 സീറ്റുകൾ സ്ത്രീകൾക്കായും 10 എണ്ണം മത ന്യൂനപക്ഷങ്ങൾക്കായും മാറ്റി വച്ചിരിക്കുകയാണ്. ഇവ 272 സീറ്റിൽ അഞ്ച് ശതമാനത്തിലധികം വോട്ട് ലഭിച്ച മറ്റു പാർട്ടികൾ നേടിയ സീറ്റുകളുടെ ആനുപാതികമായാണ് അനുവദിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 172 സീറ്റുകളാണ്. നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന 137 അംഗങ്ങളുള്ള ഒരു പാർട്ടിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാനാകും.

ഔദ്യോഗിക ഫലം വൈകുന്നു

വോട്ടെണ്ണലിനായി പുതിയ സംവിധാനം ഉപയോഗിക്കുന്നതിനാൽ തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി വൈകുകയാണ്. സാങ്കേതിക തകരാർ മൂലമാണു ഫലം വൈകുന്നതെന്ന് തിര‍ഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഫലം പൂർണമായി എപ്പോൾ പുറത്തുവരുമെന്നു പറയാനാകില്ല. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണവും അവർ നിഷേധിച്ചു.