കുമ്പസാരം നിരോധിക്കണമെന്ന നിർദേശം വിശ്വാസ സ്വാതന്ത്ര്യത്തിന്റെ നിഷേധം: കാതോലിക്കാ ബാവാ

ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

കോട്ടയം ∙ കുമ്പസാരം എന്ന കൂദാശ നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയുടെ നിർദേശം വ്യക്തിയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുളള നീക്കമായേ കാണാനാകൂവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഒരു വ്യക്തി ചില വൈദികരുടെമേൽ ഉന്നയിച്ചിട്ടുളള 'കുമ്പസാരം ദുരുപയോഗപ്പെടുത്തി' എന്ന ആരോപണം തെളിയിക്കപ്പെട്ടാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുളള നിലപാട്. അതിന്റെ പേരിൽ പുരോഹിതരെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ല. ലക്ഷക്കണക്കിനു വിശ്വാസികൾക്ക് ആശ്വാസപ്രദമാണെന്നു തെളിഞ്ഞിട്ടുളള മതാനുഷ്‌ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

സമീപനം സഭയെ അവഹേളിക്കുന്നത്: കെസിബിസി

കുമ്പസാരത്തിനെതിരായ ദേശീയ വനിത കമ്മിഷന്റെ സമീപനം സഭയെ അവഹേളിക്കുന്നതെന്ന് കെസിബിസി. വനിത കമ്മിഷൻ അധികാര പരിധി കടന്ന് പ്രവർത്തിക്കുകയാണ്. കമ്മിഷന്റെ ധാർഷ്ട്യത്തെ ചോദ്യം ചെയ്യുകയാണെന്നും ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം പറഞ്ഞു.

കമ്മിഷന്റേത് ധാർഷ്ട്യമാണ്. മതസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കത്തെ തടയണം. കുമ്പസാരം നിരോധിക്കണമെന്ന നിലപാട് മുൻവിധിയോടെയാണ്. സഭയിൽ മാനുഷിക തെറ്റുകളുണ്ട്. ഇതിനെതിരെ കർശനനടപടി ഉണ്ടാകുമെന്നും സൂസപാക്യം വ്യക്തമാക്കി. പരാതി ഉന്നയിച്ച് കെസിബിസി പ്രധാനമന്ത്രിക്ക് നിവേദനം അയച്ചു.