സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിയുതിർന്നു; സംഭവം ശത്രുഘ്നൻ സിൻഹയുടെ വീട്ടിൽ

ശത്രുഘ്നൻ സിൻഹ

മുംബൈ∙ ബോളിവുഡ് നടനും ബിജെപി എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നതു പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മുംബൈയിലെ ജുഹുവിലുള്ള ശത്രുഘ്നൻ സിൻഹയുടെ വസതിയിൽ നിയോഗിച്ചിരുന്ന പൊലീസ് കോൺസ്റ്റബിളിന്റെ തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. ആർക്കും പരുക്കില്ല. തോക്ക് പരിശോധിക്കുന്നതിനിടെയാണു വെടി പൊട്ടിയത്.

ജുഹുവിലെ ‘രാമായൺ’ എന്ന കെട്ടിടത്തിലെ എട്ടാം നിലയിലാണു സിൻഹ താമസിക്കുന്നത്. ബിഹാറിലെ പട്നാ സാഹിബിൽ നിന്നുള്ള ലോക്സഭാംഗമായ ശത്രുഘ്നൻ സിൻഹ മുൻ കേന്ദ്രമന്ത്രി കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രസ്താവനകൾ പുറത്തിറക്കി അടുത്തിടെ പാർട്ടിയിലെ വിമത ശബ്ദമായി മാറിയിരുന്നു ഇദ്ദേഹം. ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിൻഹയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടും അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.