ഗുജറാത്തിൽ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു; ഒരാൾ ഗുരുതരാവസ്ഥയിൽ

(പ്രതീകാത്മക ചിത്രം)

ദാഹോഡ്∙ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനും രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിപ്പിക്കാനായില്ല. ഏറ്റവും പുതിയ സംഭവവികാസത്തിൽ ഗുജറാത്തിലെ ദാഹോഡിൽ ആൾക്കൂട്ടം ഇരുപത്തിരണ്ടുകാരനായ യുവാവിനെ തല്ലിക്കൊന്നു. അജ്മൽ വഹോനിയയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ സുഹൃത്ത് ഭാരു മാത്തൂർ (25) ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയിലാണു സംഭവം.

മൊബൈൽ ഫോൺ മോഷ്ടാക്കളെന്ന് ആരോപിച്ചാണു ജനക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഗോത്രമേഖലയായ ദാഹോഡിൽ ഇരുപതോളം പേർ സംഘം ചേർന്നാണു യുവാക്കളെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കളെ ആക്രമിച്ചവർ ഓടി രക്ഷപ്പെട്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

പൊലീസ് സംഭവസ്ഥലത്തെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇരുവരും. ആൾക്കൂട്ടത്തെ പിരിച്ചുവിട്ട് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അജ്മൽ വഹോനിയ മരണത്തിനു കീഴടങ്ങി. അതേസമയം, അജ്‍മലിനും ഭാരുവിനുമെതിരെ മോഷണം, അടിപിടി തുടങ്ങിയവയുമായി ബന്ധപ്പെട്ട് 32 കേസുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. സമാന കുറ്റങ്ങൾക്ക് ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതായും റിപ്പോർട്ടുണ്ട്.