ആന്റിഗ്വ ക‍ടക്കാൻ അനുവദിക്കരുത്; ചോക്സിയ്ക്കായി ‘വലയെറിഞ്ഞ്’ ഇന്ത്യ

മൊഹുൽ ചോക്സി. ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ പ്രതി വജ്രവ്യാപാരി മെഹുൽ ചോക്സിയെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് ആന്റിഗ്വ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വാക്കാലും കത്തിലൂടെയും ആന്റിഗ്വയ്ക്ക് അപേക്ഷ നൽകിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിൽ ചോക്സി ഉണ്ടെന്ന വിവരം ലഭിച്ചയുടനെ സർക്കാരിനു മുന്നറിയിപ്പു നൽകിയിരുന്നു. ചോക്സി അവിടെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്താനായിരുന്നു അത്.

കര–വായു–ജല മാർഗങ്ങളിലൂടെ ചോക്സി രക്ഷപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട് ആന്റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഇന്ന് ആന്റിഗ്വ അധികൃതരെ കാണും. വ്യാപാര ആവശ്യങ്ങൾക്കുവേണ്ടി നിയമവിധേയമായാണു താൻ കഴിഞ്ഞ വർഷം ആന്റ്വിഗ പൗരത്വം എടുത്തതെന്നു മെഹുൽ ചോക്സി നേരത്തേ വ്യക്തമാക്കിയിരുന്നു. ആന്റ്വിഗയിൽ പൗരത്വം ഉള്ളവർക്കു 132 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്നതു വ്യാപാര വികസനത്തിനു പ്രയോജനപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യമെന്നും ചോക്സിയുടെ അഭിഭാഷകൻ അറിയിച്ചു.

ചോക്സി തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൗരത്വം നൽകില്ലായിരുന്നെന്നാണ് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗൺ ഒരു ടിവി അഭിമുഖത്തിൽ അറിയിച്ചത്. ആന്റ്വിഗ പൗരത്വം നൽകുന്ന സമയത്ത് ചോക്സിയുടെ പേരിൽ ഇന്റർപോൾ റെഡ് നോട്ടിസ് ഇല്ലായിരുന്നു. നിയമാനുസൃതമായി ഇന്ത്യ ആവശ്യപ്പെട്ടാൽ മോദിയെയും ചോക്സിയെയും ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുന്നതു പരിഗണിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പതിനാലായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി ചോക്സിയുടെ സഹോദരീപുത്രനാണ്. വിദേശത്തേക്കു മുങ്ങിയ ഇരുവരുടെയും പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിട്ടും അവർ നിർബാധം വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുന്നത് വിവാദമായിരുന്നു.