മെഹുല്‍ ചോക്സിയെ വിട്ടുകിട്ടണം; ആന്റിഗ്വയിൽ ഇന്ത്യൻ സംഘമെത്തിയതായി റിപ്പോർട്ട്

മെഹുല്‍ ചോക്സി

ന്യൂഡല്‍ഹി∙ ബാങ്ക് തട്ടിപ്പു കേസിൽപ്പെട്ട് ആന്റിഗ്വയില്‍ അഭയം പ്രാപിച്ച വജ്രവ്യാപാരി മെഹുൽ സി. ചോക്സിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ അപേക്ഷ നൽകി. ഇതിനായി ഇന്ത്യ പ്രത്യേക സംഘത്തെ ആന്റിഗ്വയിലേക്ക് അയച്ചെന്നാണു വിവരം. കരീബിയന്‍ ദ്വീപുരാഷ്ട്രമായ ആന്റിഗ്വയുടെ വിദേശകാര്യ ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ശനിയാഴ്ച ഇന്ത്യ അപേക്ഷ സമർപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ആവശ്യപ്പെട്ടാൽ ചോക്സിയെ മടക്കിനൽകുന്നത് ആലോചിക്കാമെന്നു നേരത്തേ ആന്റിഗ്വ നിലപാടറിയിച്ചിരുന്നു.

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു കോടികളുടെ തട്ടിപ്പു നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്മാരിലൊരാളാണു മെഹുൽ ചോക്സി. ചോക്സിയുടെ ബന്ധുവും വജ്രവ്യാപാരിയുമായ നീരവ് മോദിയാണ് കേസിലെ മറ്റൊരു പ്രതി. ജനുവരി നാലിന് ഇന്ത്യ വിട്ട ചോക്സി 15ന് ആന്റിഗ്വ പൗരത്വം നേടി. ഇയാളെ തിരികെയെത്തിക്കുന്നതിന് സിബിഐ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു.

ഇന്ത്യയിൽനിന്നു ലഭിച്ച നല്ല അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മെഹുൽ ചോക്സിക്കു പൗരത്വം നൽകിയതെന്ന് ആന്റിഗ്വ നേരത്തേ അറിയിച്ചിരുന്നു. ചോക്സിയുടെ ഇടപാടുകളെക്കുറിച്ചു സംശയം തോന്നിയപ്പോൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യോടു വിശദീകരണം ചോദിച്ചു. സെബി നൽകിയ ക്ലീൻ ചിറ്റിന്റെ അടിസ്ഥാനത്തിലാണ് ചോക്സിക്ക് ആന്റിഗ്വ പൗരത്വം നൽകിയതെന്നാണ് റിപ്പോർട്ട്.

ആന്റിഗ്വയിലെ സിറ്റിസൺഷിപ് ബൈ ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാം വഴി  10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 6.85 കോടി രൂപ) നിക്ഷേപിച്ചാണ് ചോക്സി ആന്റിഗ്വൻ പൗരത്വം സ്വന്തമാക്കിയത്.

മെഹുൽ ചോക്സിയുടെ സ്ഥാപനങ്ങൾ നടത്തുന്ന ഗുരുതര തട്ടിപ്പിനെക്കുറിച്ചുള്ള പരാതി പ്രധാനമന്ത്രിയുടെ ഓഫിസിനും കമ്പനികാര്യ മന്ത്രാലയത്തിനും 2015 മേയിൽ ലഭിച്ചിരുന്നുവെന്ന വിവരം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ചു തുടർനടപടിയുണ്ടാകാതിരുന്നതു കൂടുതൽ തട്ടിപ്പിനു വഴിവയ്ക്കുകയായിരുന്നു.