മുസാഫർപൂർ മാനഭംഗക്കേസ്: പ്രതിപക്ഷം അമിത പ്രാധാന്യം നൽകുന്നെന്ന് നിതീഷ്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്ന∙ മുസാഫർപൂർ ബാലികാ കേന്ദ്രത്തിലെ പെൺകുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തിൽ ആരോടും ദയ കാട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തന്റെ സർക്കാർ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതു കാണാൻ തയാറാകണമെന്നും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ലക്ഷ്യമാക്കി അദ്ദേഹം പ്രതികരിച്ചു. ഒരു നെഗറ്റീവ് കാര്യത്തിന് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുകയാണ്. ഒരു കുറ്റവാളി പോലും രക്ഷപ്പെടില്ല. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരും ജയിലിൽ പോകും– നിതീഷ് വ്യക്തമാക്കി.

ബാലികാ കേന്ദ്രത്തിലെ പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ ആർജെഡി ഡൽഹിയിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടി നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ പ്രതിഷേധ വേദിയിലെത്തി. 42 പെണ്‍കുട്ടികളില്‍ 34 പേരും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

സംഭവത്തില്‍ 11 പേരെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ മുൻ ജില്ല ശിശുക്ഷേമ സമിതി ചെയർമാനും ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണം സിബിഐക്ക് കൈമാറിയത്. സംഭവം സംസ്ഥാന സർക്കാരിനെതിരായ ആയുധമായി ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഉയർത്തിക്കാട്ടുന്നു.