ഡിസിസി ഓഫിസിനു മുന്നിൽ തമ്മിൽത്തല്ല്: യൂത്ത് നേതാക്കൾക്കെതിരെ നടപടി

റിജിൽ മാക്കുറ്റി (ഫയൽ ചിത്രം)

കണ്ണൂർ∙ ഡിസിസി ഓഫിസിനു മുന്നിൽ വച്ചു തമ്മിൽത്തല്ലിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്കനടപടി. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീൻ കാട്ടാമ്പള്ളിയെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു. യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, കോൺഗ്രസ് എളയാവൂർ ബ്ലോക്ക് പ്രസിഡന്റ് സുധീഷ് മുണ്ടേരി എന്നിവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും. സാമൂഹിക മാധ്യമങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രചരണം നടത്തിയതിനു ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനനും കാരണം കാണിക്കൽ നോട്ടിസ് നൽകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി അംഗങ്ങളായ മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ നിയോഗിച്ചു.

വ്യാഴാഴ്ചയാണു യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഡിസിസി ഓഫിസിനു മുന്നിൽ വച്ച് ഏറ്റുമുട്ടിയത്. നമട്ടന്നൂർ സിഐ ഓഫിസ് മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചയാണു വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചത്.

മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായവർ കഴിഞ്ഞ ദിവസമാണു ജയിൽ മോചിതരായത്. മാർച്ചിൽ പങ്കെടുത്തവരുടെ പേരുകൾ പൊലീസിനു നൽകുന്നതു യൂത്ത് കോൺഗ്രസുകാർ തന്നെയാണെന്ന് ഒരു വിഭാഗം ആരോപിച്ചതോടെയാണു തർക്കം തുടങ്ങിയത്. സംഘടനയ്ക്കുള്ളിൽ തന്നെ ചാരൻമാരുണ്ടെന്നും യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം ഭാരവാഹി തന്നെ ആരോപിച്ചതോടെ മറ്റു രണ്ടു ഭാരവാഹികൾ എതിർപ്പുമായെത്തി. ഇതിനിടെയാണു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ മുൻ നേതാവിനു മർദനമേറ്റത്. ഈ സമയം ഓഫിസിനകത്തായിരുന്ന ഡിസിസി പ്രസിഡന്റ് എത്തിയാണു യൂത്ത് നേതാക്കളെ പിരിച്ചുവിട്ടത്.