ആറാട്ട‍ുപുഴയിൽ കടൽ കാണാനെത്തിയ കുടുംബത്തിനുനേർക്ക് സാമൂഹിക വിരുദ്ധരുടെ ആക്രമണം

ആലപ്പുഴ∙ ആറാട്ട‍ുപുഴയിൽ കടൽ കാണാനെത്തിയ കുടുംബത്തെ സാമൂഹിക വിരുദ്ധർ ആക്രമിച്ചു, സ്ത്രീകളെ ഉപദ്രവിക്കുന്നതു കണ്ടു തടയാൻ ശ്രമിച്ച ഒപ്പമുള്ള പുരുഷന്മാരെ മർദ്ദിച്ചു. കാറ‍ിലും ബൈക്കുകളിലുമായി തിരികെപ്പോകാൻ ശ്രമിച്ച കുടുംബത്തെ ആളെക്കൂട്ടി ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വീണ്ടും തടഞ്ഞു നിർത്തി ആക്രമിച്ചു. നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ വലിയഴീക്കൽ കരിയിൽ കിഴക്കതിൽ അഖിൽ (ഉണ്ണിക്കുട്ടൻ – 19), തറയിൽക്കടവ് തെക്കിടത്ത് അഖിൽ ദേവ് (അനിമോൻ 18), തഴവ കടുത്തൂ‍ർ അമ്പാടിയിൽ ശ്യാം (വാവ 18), ശരത് (20) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേര്‍ ഒളിവിലാണ്.