38,000 പിന്നിട്ട് സെൻസെക്സ്; ഓഹരി വിപണിയിൽ റെക്കോർഡ്

മുംബൈ∙ ആദ്യമായി സെൻസെക്സ് 38,000 മറികടന്നു. 136.81 പോയിന്റ് ഉയർന്ന് സെൻസെക്സ് 38,024.37 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 20.70 പോയിന്റ് കയറി 11,470.70 ലും ക്ലോസ് ചെയ്തു. ആദ്യമായാണു നിഫ്റ്റി 11,470 നിലവാരത്തിലെത്തുന്നത്. പൊതുമേഖലാ ബാങ്ക് ഓഹരികളിലുണ്ടായ നേട്ടമാണു വിപണിക്കു കരുത്തേകിയത്. മെറ്റൽ വിഭാഗം ഓഹരികളും മികച്ച നേട്ടത്തിലായിരുന്നു.

പിഎസ്‌യു ബാങ്ക് സൂചിക 2.98 ശതമാനം നേട്ടമുണ്ടാക്കി. റിയൽറ്റി (2.08%), െമറ്റൽ (1.39%), ബാങ്ക് എക്സ് (1.32%), പവർ (1.02%) എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ മറ്റു സെക്ടറുകൾ. ഓട്ടോ, ഇൻഫ്രാ, മീ‍ഡിയ, ഹെൽത്ത് കെയർ, ഫാർമ തുടങ്ങിയ വിഭാഗം ഓഹരികൾ നഷ്ടത്തിലായിരുന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എസ്ബിഐ, വേദാന്ത എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഭാരതി എയർടെൽ, സിപ്ല, ടൈറ്റൻ കമ്പനി, ഒഎൻജിസി, യുപിഎൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ ഓഹരികളുടെ വില കുറഞ്ഞു.