Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ വിപണിക്കു മികച്ച വ്യാപാരാരംഭം; ക്രൂഡ് വിലയിൽ 5 ശതമാനം വർധന

sensex-mobile

കൊച്ചി ∙ ആഴ്ചയുടെ ആദ്യ ദിനത്തിൽ ഇന്ത്യൻ വിപണിക്കു മികച്ച വ്യാപാരാരംഭം. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ ട്രേഡ് താരിഫ് വർധന വരുന്ന 90 ദിവസത്തേക്കു നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളിലും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള തുടർചർച്ചയ്ക്കു വഴിതുറക്കുന്നതാണ്.

ഏഷ്യയിലെ എല്ലാ വിപണികളിലും ശക്തമായ മുന്നേറ്റമാണ്. ചൈന മാർക്കറ്റ് 2.9 ശതമാനവും ഹോങ്കോങ് 2.7 ശതമാനത്തിന്റെയും  റാലിയാണു കാണിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ സൂചികയിലും വളരെ ശക്തമായ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞയാഴ്ച 10876.75ൽ ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10930.70നാണ് ഓപ്പൺ ചെയ്തത്. ഒരുവേള ഇത് 10941.20 വരെ എത്തിയിരുന്നു.

36194ൽ ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ 36396.69നാണ് ഓപ്പൺ ചെയ്തത്. സെൻസെക്സ് സൂചിക 36446.16 വരെയും എത്തിയിരുന്നു. ഇന്ന് നിഫ്റ്റി 10970 ലവലിൽ ശക്തമായ റെസിസ്റ്റൻസ് നേരിടാനുണ്ടെന്നു ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. താഴേയ്ക്ക് 10895 മാർക്കറ്റിന്റെ ആദ്യ സപ്പോർട്ടായിരിക്കും. ഇതിനു താഴെ 10865ലാണു പ്രധാന സപ്പോർട്ടുള്ളത്. 

മാർക്കറ്റിൽ ഏറ്റവും മികച്ച മുന്നേറ്റം കാണിക്കുന്നതു മെറ്റൽ ഓഹരികളിലാണ്. യുഎസ് – ചൈന വ്യാപാരത്തർക്കങ്ങൾ പരിഹരിക്കപ്പെട്ടേക്കും എന്ന വാർത്തകളുടെ ചുവടുപിടിച്ചു രാജ്യാന്തര വിപണികളിൽ മെറ്റൽ ഓഹരികളിലുണ്ടായിട്ടുള്ള മുന്നേറ്റം ഇന്ത്യൻ വിപണികളിലും പ്രകടമാകുന്നുണ്ട്.

അതോടൊപ്പം ശ്രദ്ധേയമായിട്ടുള്ള സെക്ടർ ഓട്ടോ സെക്ടറാണ്. നവംബർ മാസത്തിലെ ഓട്ടോ വിൽപന വിവരങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഓട്ടോ വിൽപനയിൽ കാര്യമായ മുന്നേറ്റം വിപണി പ്രതീക്ഷിക്കുന്നില്ല.

ഇരുചക്ര വാഹന വിപണിയിൽ ബജാജ് ഓട്ടോ വളരെ മികച്ച റിപ്പോർട്ടാണു പുറത്തു വിട്ടിരിക്കുന്നത്. 25 ശതമാനം വർധനവാണു വിൽപനയിൽ ഉണ്ടായിട്ടുള്ളത്. അതേസമയം ഹീറോ മോട്ടോഴ്സിനു മികച്ച റിപ്പോർട്ട് നൽകാൻ സാധിച്ചിട്ടില്ല. അശോക് ലൈലൻഡിനും വിൽപന പ്രതീക്ഷിച്ചതിലും താഴെയായി. ഇതെല്ലാം ഓട്ടോ സെക്ടറിനു നേരിയ വിൽപന സമ്മർദം നൽകുന്നു. ഹിൻഡാൽകോ, ക്രോംപ്റ്റൺ കൺസ്യൂമർ, എസ്കോർട് സ്റ്റോക്കുകൾ നേട്ടമുണ്ടാക്കിയേക്കും എന്നാണു വിലയിരുത്തൽ. 

മധ്യനിര ഓഹരികളിലും എഫ്എംസിജി സെക്ടറിലും പൊതുവേ മുന്നേറ്റം കാണാൻ കഴിയുന്നു. ഇന്ത്യൻ വിപണിയെ പിന്നോട്ടു വലിക്കുന്നതിന് ഒരു കാരണം ക്രൂഡോയിൽ വിലയിൽ രാജ്യാന്തര വിപണിയിൽ ഉണ്ടായിട്ടുള്ള 5 ശതമാനം വർധനവാണ്. യുഎസ്– ചൈന വ്യാപാരത്തർക്കം പരിഹരിച്ചേക്കും എന്ന വാർത്ത രാജ്യാന്തര വിപണിയിൽ എണ്ണയ്ക്കു കൂടുതൽ ഡിമാൻഡ് ഉണ്ടാക്കിയേക്കും.

എണ്ണ ഉൽപാദക രാജ്യങ്ങളുടെ യോഗം ആരംഭിച്ചു. എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലെത്തി എന്ന വാർത്തകളുണ്ട്. ഇതുമൂലം ഓയിൽ മാർക്കറ്റിൽ ഉണ്ടായ 5 ശതമാനം റാലി എണ്ണക്കമ്പനികൾക്കു നെഗറ്റീവായാണു കാണിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ രണ്ടാംപാദ ജിഡിപി വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇത് മാർക്കറ്റ് പ്രതീക്ഷിച്ചതിനെക്കാൾ താഴെയാണു വന്നിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ കഴിഞ്ഞ ദിവസത്തേതിനേക്കാൾ നേരിയ മൂല്യത്തകർച്ച പ്രകടമാക്കുന്നുണ്ട്.