ഇമ്രാൻ ഖാൻ ഓഗസ്റ്റ് 18ന് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പിടിഐ

ഇമ്രാൻ ഖാൻ പാർട്ടി യോഗത്തിനിടയിൽ (ഫയൽ ചിത്രം)

ഇസ്‍ലാമാബാദ് ∙ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ ഈ മാസം 18ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു ശേഷം ഉടലെടുത്ത അനിശ്ചിതത്വം നീക്കിയാണ് ഈ മാസം 18ന് ഇമ്രാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനം എത്തിയിരിക്കുന്നത്.

ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാൻ പിടിഐ അന്നുമുതൽ ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി താൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു വിദേശനേതാക്കളെയും താരങ്ങളെയും ക്ഷണിക്കേണ്ടതില്ലെന്ന് ഇമ്രാൻ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചടങ്ങ് ലളിതമായിരിക്കണമെന്നും ഇമ്രാൻ താൽപര്യം പ്രകടിപ്പിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വിദേശനേതാക്കളെയും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളെയും ക്ഷണിക്കാൻ പിടിഐ ഉദ്ദേശിച്ചിരുന്നു. എന്നാൽ, ധൂർത്ത് ഒഴിവാക്കാൻ ലളിതമായ ചടങ്ങു മതിയെന്ന് ഇമ്രാൻ തീരുമാനിക്കുകയായിരുന്നു.