ഇന്ത്യയുടെ സൈനിക സന്നാഹം പിൻവലിക്കണമെന്ന് മാലദ്വീപ്; ഉന്നം ചൈനയുടെ ‘ഇഷ്ടം’

മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചി്ത്രം)

ന്യൂഡൽഹി∙ ചൈനയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാലദ്വീപിൽനിന്ന് ഇന്ത്യയുടെ സൈനിക സന്നാഹം പൂർണമായി പിൻവലിക്കാൻ മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. മാലദ്വീപിൽ സൈന്യത്തെ നിലനിർത്താൻ ഇന്ത്യയെ സഹായിച്ചുവന്ന കരാറിന്റെ കാലാവധി ജൂൺ മാസത്തിൽ അവസാനിച്ച സാഹചര്യത്തിലാണു സൈനിക ഹെലികോപ്ടറുകളും സൈനികരുമുൾപ്പെടുന്ന സന്നാഹത്തെ പൂർണമായി പിൻവലിക്കാൻ മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

ഇന്ത്യയ്ക്കു ഭീഷണിയുയർത്തി മാലദ്വീപിലെ ചൈനീസ് നീക്കങ്ങൾ

പ്രസിഡന്റ് അബ്ദുല്ല യമീന്റെ കീഴിലുള്ള ഇപ്പോഴത്തെ മാലദ്വീപ് സർക്കാർ ചൈനയോടു വിധേയത്വം പുലർത്തുന്നവരാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് ഇന്ത്യ തടയിട്ടുവരുന്നതിനിടെയാണ് മാലദ്വീപിന്റെ ഭാഗത്തുനിന്നുള്ള ‘തിരിച്ചടി’. പണ്ടുമുതലേ മാലദ്വീപിന് എല്ലാവിധ സാമ്പത്തിക, സൈനിക സഹായങ്ങളും നൽകിവരുന്നത് ഇന്ത്യയാണെങ്കിലും അടുത്ത കാലത്തായി അവരുടെ കൂറ് ചൈനയോടാണ്. 2011ൽ മാത്രം മാലദ്വീപിൽ എംബസി തുറന്ന ചൈന, പിന്നീടു  ദ്രുതഗതിയിലാണ് അവരുമായുള്ള ബന്ധം വളർത്തിയെടുത്തത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മാലദ്വീപുമായി അടുക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ആശങ്കയോടെയാണു കാണുന്നത്. മാലദ്വീപിൽ ചൈന ആരംഭിക്കുന്ന സംയുക്ത സമുദ്ര നിരീക്ഷണ കേന്ദ്രത്തെക്കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. മാലദ്വീപിന്റെ വടക്കു പടിഞ്ഞാറെയറ്റത്ത് ഇന്ത്യയോട് ഏറ്റവുമടുത്ത ഭാഗത്തെ മുനമ്പായ മക്നുദൂവിൽ സ്ഥാപിക്കുന്ന നിരീക്ഷണകേന്ദ്രം ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണിയാവുമെന്നാണ് ആശങ്ക. അന്തർവാഹിനി താവളം ഉൾപ്പെടെ സൈനിക താൽപര്യമുള്ള കേന്ദ്രമാണു ചൈന ലക്ഷ്യമിടുന്നതെന്നു മാലദ്വീപിലെ പ്രതിപക്ഷം തന്നെ ആരോപിക്കുന്നുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനു കീഴിൽ ചൈനയും മാലദ്വീപും കഴിഞ്ഞ വർഷമാണ് ഇത്തരമൊരു നിരീക്ഷണ കേന്ദ്രം തുടങ്ങാനുള്ള കരാറിൽ ഒപ്പുവച്ചത്.

ഇതിനു പിന്നാലെ, പതിനാറു രാജ്യങ്ങൾ പങ്കെടുക്കുന്ന എട്ടു ദിവസത്തെ സംയുക്ത നാവികസേനാ അഭ്യാസങ്ങളിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം മാലദ്വീപ് നിരസിക്കുകയും ചെയ്തിരുന്നു. ‘മിലൻ’ എന്ന പേരിൽ ആൻ‌ഡമാൻ നിക്കോബാർ ദ്വീപുകളിൽ മാർച്ച് ആറുമുതൽ നടത്തുന്ന വാർഷിക അഭ്യാസങ്ങളിൽ നിന്നാണ് ‘സമയമില്ലെ’ന്ന കാരണത്താൽ അവർ ഒഴിവായത്. മേഖലയിൽ ചൈനയുടെ സേനാ സാന്നിധ്യം ഭീഷണിയായി വളരുന്ന സാഹചര്യത്തിലാണ് ഇന്ത്യ 1995ൽ വിവിധ രാജ്യങ്ങളെ സംഘടിപ്പിച്ചു നാവിക അഭ്യാസങ്ങൾക്കു തുടക്കം കുറിച്ചത്. ആദ്യവർഷം അ‍ഞ്ചു രാജ്യങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഇന്ത്യൻ സമുദ്രത്തിലെ അയൽരാജ്യങ്ങൾ പൊതുവിഷയങ്ങൾ ചർച്ച ചെയ്യാനും കൂടുതൽ സഹകരണം ഉറപ്പുവരുത്താനുമാണ് ഈ വേദി ഉപയോഗപ്പെടുത്തുന്നത്.