കാണാതായ പെൺകുട്ടിയുടെ വിവരങ്ങൾ നിതീഷ് കുമാർ പുറത്തുവിടണം: ആർജെഡി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് തേജസ്വി യാദവ്

പട്ന∙ മധുബനിയിൽനിന്നു കാണാതായ പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിടാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തയാറാകണമെന്ന് ആർജെഡി. ഒരാഴ്ചത്തെ സമയം അനുവദിക്കുകയാണെന്നും വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിൽ സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം നടത്തുമെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് മുന്നറിയിപ്പ് നൽകി.

‘മുഖ്യമന്ത്രി നിതീഷ് കുമാറിന് ഒരാഴ്ച സമയം നൽകുകയാണ്. ബാലികാ കേന്ദ്രത്തിൽനിന്നു മാറ്റിയ പെൺകുട്ടിയെക്കുറിച്ച് ആർക്കും യാതൊരു വിവരവുമില്ല. ധാർമികതയുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവയ്ക്കണം. ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് അദ്ദേഹം. പെൺകുട്ടിക്കു നീതി ലഭ്യമാക്കുന്നതിനു പകരം കുറ്റക്കാരെ സംരക്ഷിക്കാനാണു ശ്രമം. നിതീഷ് കുമാറിന് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാം’– തേജസ്വി ആരോപിച്ചു. കേസിലെ മുഖ്യപ്രതിയായ ബ്രജേഷ് താക്കൂറുമായി മുഖ്യമന്ത്രിക്കു രാഷ്ട്രീയ ബന്ധമുണ്ടെന്നും ആർജെഡി ആരോപിച്ചു.

മുസാഫർപൂർ ബാലികാ കേന്ദ്രത്തിൽ 40 പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നെന്നായിരുന്നു പുറത്തുവന്ന വിവരം. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ 44 പെൺകുട്ടികളെ മോചിപ്പിച്ചു. ജൂലൈ 24ന് ബാലികാ കേന്ദ്രത്തിലെ 11 ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ബാലികാ കേന്ദ്രത്തിൽനിന്നു പുറത്തെത്തിച്ച 14 പെൺകുട്ടികളെ മധുബനിയിലെ എൻജിഒയിലേക്കാണു മാറ്റിയത്. എന്നാൽ ഇവിടെനിന്നും ഒരു പെൺകുട്ടിയെ കാണാതാകുകയായിരുന്നു.