അതിരപ്പിള്ളിയിൽ കാട്ടാന പുഴയിൽ കുടുങ്ങി; ഡാമിന്റെ ഷട്ടറുകൾ അടച്ച് രക്ഷിച്ചു

പുഴയിൽ കുടുങ്ങിയ കാട്ടാന.

അതിരപ്പിള്ളി∙ പുഴയിൽ അകപ്പെട്ട കാട്ടാനയെ ഡാമിന്റെ ഷട്ടറുകൾ അടച്ച് രക്ഷിച്ചു. ഇന്ന് പുലർച്ചെയാണ് ചാർപ്പക്കും ഇട്ടാനിയ്ക്കുമിടയിൽ ആനയെ വനപാലകർ കണ്ടത്. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ ഇരുവശങ്ങളിലേക്കും കടക്കാനാകാതെ മധ്യത്തിലെ പാറക്കൂട്ടത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ആനയുടെ നിൽപ്പ്.

പെരിങ്ങൽകുത്ത് ഡാം അടക്കുകയായിരുന്നു ആനയെ രക്ഷപ്പെടുത്താനുള്ള ഏക മാർഗം. വനംവകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ ഇടപെടലിൽ മൂന്നു ഷട്ടറുകളും അടച്ച് പുഴയിലെ ജലനിരപ്പ് താഴ്ത്തി. 11 മണിയോടെ ആനയെ മറുകര കടത്തി. നാല് മണിക്കൂറിനു ശേഷമാണ് ആന രക്ഷപ്പെട്ടത്. ശക്തമായ ഒഴുക്കും പാറയിലെ വഴുക്കലുമാണ് ആന വെള്ളത്തിലിറങ്ങാൻ ഭയന്നതിനു കാരണം.