ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും അനുകൂലമായ നഗരം പുണെയെന്ന് സർവേ

ന്യൂഡല്‍ഹി∙ ഇന്ത്യയിൽ ജീവിക്കുന്നതിനു അനുയോജ്യമായ നഗരങ്ങളിൽ ഏറ്റവും മുന്നിൽ പുണെ, നവി മുംബൈ, ഗ്രേറ്റർ മുംബൈ എന്നിവയാണെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. പുണെയാണു പട്ടികയിൽ ഒന്നാമത്. 111 പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പഠനത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ മഹാരാഷ്ട്രയിൽനിന്നുള്ള സ്ഥലങ്ങളാണ്. വൻ നഗരങ്ങൾ‌ സ്ഥിതി ചെയ്യുന്ന യുപി, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഒരു നഗരം പോലും പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തില്ല.

തിരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങൾ ആദ്യപത്തിൽ ഇടം നേടി. യുപിയിലെ റാംപൂരാണു പട്ടികയിൽ ഏറ്റവും അവസാനമുള്ളത്. ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഇതാദ്യമായാണു സർക്കാർ ഇന്ത്യൻ നഗരങ്ങളെ തരംതിരിക്കുന്നത്. 100 സ്മാർട് സിറ്റികളെയും പത്ത് ലക്ഷത്തില്‍ കൂടുതൽ ജനങ്ങൾ വസിക്കുന്ന നഗരങ്ങളെയും ഉള്‍പ്പെടെ 116 നഗരങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്.

എന്നാൽ ഹൗറ, കൊൽക്കത്ത, ദുർഗാപൂർ തുടങ്ങിയ നാലു നഗരങ്ങൾ സർവേയിൽ പങ്കെടുത്തില്ല. നയ റായ്പൂർ, അമരാവതി നഗരങ്ങളെയും സർവേയിൽനിന്ന് ഒഴിവാക്കി. സാമൂഹികം, സാമ്പത്തികം, ഭൗതികം തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിച്ചാണു നഗരങ്ങൾക്കു മാർക്കിട്ടത്.

ജീവിക്കുന്നതിന് ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് നഗരങ്ങള്‍

∙ പുണെ

∙ നവി മുംബൈ

∙ ഗ്രേറ്റർ മുംബൈ

∙ തിരുപ്പതി

∙ ചണ്ഡീഗഡ്

∙ താനെ

∙ റായ്പൂർ

∙ ഇൻഡോർ

∙ വിജയവാഡ

∙ ഭോപ്പാൽ