മുഖ്യമന്ത്രിയായിട്ട് 82 ദിവസം മാത്രം; കുമാരസ്വാമി സന്ദർശിച്ചത് 40 ക്ഷേത്രങ്ങൾ

കർ‌ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബെംഗളുരു∙ അധികാരമേറ്റ് 82 ദിവസത്തിനുള്ളിൽ 40 ക്ഷേത്രങ്ങളില്‍ സന്ദർശനം നടത്തി കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണു കുമാരസ്വാമി ക്ഷേത്രസന്ദർശനത്തിനായി തിരഞ്ഞെടുത്തത്. തിങ്കളാഴ്ച ഹരധനഹള്ളിയിലെ ഈശ്വര ക്ഷേത്രത്തിലും ഹാസൻ ജില്ലയിലെ നാലു ക്ഷേത്രങ്ങളിലും കുക്കെ സുബ്രഹ്മണ, ധർമസ്ഥല എന്നീ ക്ഷേത്രങ്ങളിലുമാണ് കുമാരസ്വാമി എത്തിയത്. ഇതിനുപുറമെ കർണാടകയിലെ പ്രധാന മഠങ്ങളായ മാണ്ഡ്യയിലെ ആദിചുഞ്ചനഗിരി, സുത്തൂർ, സിദ്ധഗംഗ എന്നിവിടങ്ങളിൽ കുറഞ്ഞത് ആറു തവണയെങ്കിലും മുഖ്യമന്ത്രി സന്ദർശനത്തിന് എത്തിയിട്ടുണ്ട്. 

അധികാരത്തിലേറിയതിനു പിന്നാലെ നന്ദി സൂചകമായി കുമാരസ്വാമി ക്ഷേത്രങ്ങളിലെത്തിയിരുന്നു. ഇതാണ് ഇപ്പോഴും തുടരുന്നത്. 2008ൽ ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ കർണാടക മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളിലും വൈഷ്ണോദേവി ക്ഷേത്രത്തിലും എത്തിയിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തിനു ജ്യോതിഷത്തിലും മതപരമായ ആചാരങ്ങളിലും ശക്തമായ വിശ്വാസമുണ്ടെന്നു സംസ്ഥാനത്തെ ജെഡിഎസ് നേതാക്കൾ അഭിപ്രായപ്പെടുന്നു. എന്നാൽ കുമാരസ്വാമി അങ്ങനെയായിരുന്നില്ല. കുറച്ചു വർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന കുമാരസ്വാമി പിന്നീടു മതവിശ്വാസത്തിലേക്കു തിരികെയെത്തുകയായിരുന്നെന്നും ജെഡിഎസ് വൃത്തങ്ങൾ വ്യക്തമാക്കി.

തിങ്കളാഴ്ച കനത്ത മഴയും മണ്ണിടിച്ചിലും കാരണം കുമാരസ്വാമിയുടെ ധർമസ്ഥല സന്ദർശനം വൈകിയിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, അമ്മ ചന്നമ്മ, ഭാര്യ അനിത എന്നിവർ നാലര മണിക്കൂർ വൈകിയാണു കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയത്. മഞ്ജുനാഥ പ്രീതിക്കായി സർവ സേവ എന്ന ചടങ്ങും കുടുംബത്തോടൊപ്പം കുമാരസ്വാമി നടത്തി.