ഭൂരിപക്ഷം തെളിയിച്ച് ഇമ്രാൻ ഖാൻ; പ്രധാനമന്ത്രിയായി സത്യപ്രതിജ്‍ഞ ശനിയാഴ്ച

ഇമ്രാൻ ഖാൻ.

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാനെ പാർലമെന്റ് അംഗങ്ങൾ തിരഞ്ഞെടുത്തു. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായുള്ള വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചതോടെയാണ് ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.

മുഖ്യ പ്രതിപക്ഷമായ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്– നവാസ് (പിഎംഎൽ– എൻ) നേടിയ 96 വോട്ടുകൾക്കെതിരെ 176 വോട്ടുകളാണ് ഇമ്രാൻ നേടിയതെന്ന് നാഷനൽ അസംബ്‍ളി സ്പീക്കർ ആസാദ് ഖൈസർ അറിയിച്ചു. 172 വോട്ടാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്. മൂന്നാമത്തെ വലിയ കക്ഷിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.

ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ സർക്കാരുണ്ടാക്കാൻ പിടിഐ ശ്രമിച്ചുവരികയാണ്. പിടിഐയുടെ ഉരുക്കുകോട്ടയായ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ‌ പ്രവിശ്യകളിൽ‌ പിടിഐ നേരത്തെ തന്നെ സർക്കാർ രൂപീകരിച്ചിരുന്നു.