ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കണം: രമേശ് ചെന്നിത്തല 

തിരുവനന്തപുരം ∙ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുള്ള വീഴ്ച പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സഹായംതേടി വെള്ളത്തിൽ മുങ്ങിയ കെട്ടിടങ്ങളിലുള്ളത്. ഭക്ഷണവും ശുദ്ധജലവും കിട്ടാതെ ജനങ്ങള്‍ അവശരാണ്. വൈദ്യുതി ഇല്ലാത്തതു കാരണം മൊബൈൽ ഫോണുകൾ ഓഫായതോടെ ഒറ്റപ്പെട്ടു പോയവര്‍ക്ക് പുറം ‌ലോകവുമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ല. വൃദ്ധരും കുട്ടികളും അടക്കമുള്ള ജനം നരകയാതന അനുഭവിക്കുകയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പോലും ഭക്ഷ്യവസ്തുക്കളോ ശുദ്ധജലമോ എത്തിക്കാൻ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കഴിഞ്ഞ ദിവസം മലബാര്‍ മേഖലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ന് അപ്പര്‍ കുട്ടനാട് മേഖലയില്‍ സന്ദര്‍ശനം നടത്തുകയാണ്. ഇവിടെയെല്ലാം ദുരിതാശ്വാസ ക്യാംപുകളില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതാണ് കണ്ടത്. സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന സഹായം മാത്രമാണുള്ളത്. സര്‍ക്കാരിന്റെ സഹായം കാര്യമായി എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരമായി കുടിവെള്ളവും ഭക്ഷണവും വൈദ്യസഹായവും എത്തിക്കാൻ നടപടി സ്വീകരിക്കണം. പ്രളയമുണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ രക്ഷാപ്രവര്‍ത്തകരെ അടിയന്തരമായി നിയോഗിക്കണം. കേരളത്തിന്റെ ഇപ്പോഴത്തെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ സേനയെയും വിദഗ്ധരെയും എത്തിക്കണം. വിരമിച്ച സൈനികരുടെ സഹായം സര്‍ക്കാര്‍ തേടണം. കൊൽക്കത്ത എയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദ്ഗധ സംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.