യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

ബേൺ ∙ യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്തരിച്ചു. 80 വയസായിരുന്നു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചു.

1962 ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് യുഎന്നിന്റെ ഭാഗമായത്. ആഫ്രിക്കയില്‍ എയ്ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായിരുന്നു. പിന്നീട് യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയയിലെത്തിയ അദ്ദേഹം സിറിയന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തീവ്രശ്രമം നടത്തി.

ചരിത്രത്തിലെ മികച്ച സെക്രട്ടറി ജനറൽ

ഘാന തലസ്ഥാനമായ അക്രയിൽ റജിനാൾഡ് അന്നാൻ – ഇസി ദമ്പതികളുടെ മകനായി 1938 ഏപ്രില്‍ എട്ടിനാണ് കോഫി അന്നാൻ ജനിച്ചത്. ഘാനയിൽ ആദ്യകാല പഠനം പൂർത്തിയാക്കിയ അന്നാൻ കുമാസി യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ പഠിക്കുമ്പോൾ ഫോര്‍ഡ് ഫൗണ്ടേഷന്‍റെ സ്കോളർഷിപ്പോടെ യുഎസിലെ മിന്നിസോട്ടയിലെ മക്കലിസ്റ്റർ കോളജിൽ ബിരുദ പഠനത്തിന് ചേർന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കലിസ്റ്റർ കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദാനന്തര ബിരുദവും.

ഐക്യരാഷ്ട്രസഭയില്‍ തന്നെ സേവനം അനുഷ്ഠിച്ച് സെക്രട്ടറി ജനറൽ പദവിയിലേക്കുയർന്ന ആദ്യ വ്യക്തിയാണ് അന്നാൻ. ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് ബജറ്റ് ഓഫിസറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് ഫിനാൻസ് ഡയറക്ടർ, ഡപ്യൂട്ടി ചീഫ് ഓഫ് അഡ്മിനിസ്ട്രേഷൻ, ഹൈകമ്മീഷൻ ഫോർ റഫ്യൂജീസിന്‍റെ ഓഫിസ് മേധാവി തുടങ്ങിയ മർമ്മപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ച ശേഷം ബുത്രോസ് ഗാലിയുടെ പിൻഗാമിയായാണ് 1997 ൽ ഐക്യരാഷ്ട്രസഭ അധ്യക്ഷ സ്ഥാനത്ത് ആദ്യം എത്തുന്നത്. തുടർച്ചയായ രണ്ടു തവണകളിലായി പത്തുവർഷം ആ സ്ഥാനത്ത് അദ്ദേഹം തുടർന്നു. ആഫ്രിക്കയിൽ നിന്നും ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു അന്നാൻ. ലോകസമാധാനം നിലനിർത്തുന്നതിൽ യുഎൻ വഹിച്ച പങ്ക് മുൻനിർത്തി 2001 ൽ ലോകസമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനായി.

സമാധാനപ്രിയനായ അന്നാന്‍ സെക്രട്ടറി ജനറലായിരുന്ന കാലത്താണ് ഐക്യരാഷ്ട്ര സഭ ലോകരാഷ്ട്രങ്ങൾക്കിടയില്‍ കൂടുതൽ കരുത്ത് നേടിയെടുത്തത്. യുഎൻ ചരിത്രത്തിലെ ഏറ്റവും മികച്ച സെക്രട്ടറി ജനറലായാണ് അന്നാൻ വിലയിരുത്തപ്പെടുന്നത്.
യുഎസിന്‍റെ കയ്യിലെ കേവലമൊരു കളിപ്പാവ എന്ന വിശേഷണവും തകർന്ന പ്രതിഛായയും സാമ്പത്തിക പ്രതിസന്ധിയും വേട്ടയാടുന്ന സമയത്താണ് ഐക്യരാഷ്ട്ര സഭയെ നയിക്കാൻ അന്നാൻ എത്തിയത്.

യുഎസിനോട് കടുത്ത ഭാഷയിൽ സംസാരിക്കാൻ മടിയില്ലെന്ന് അധികാരം ഏൽക്കുന്നതിനു മുമ്പു തന്നെ വ്യക്തമാക്കിയ അന്നാൻ സമാധാനത്തിനായി ഇറാഖ് പ്രസിഡന്‍റ് സദ്ദാം ഹുസൈനുമായും ലിബിയൻ പ്രസിഡന്‍റ് കേണൽ ഗദ്ദാഫിയുമായും ചർച്ചകൾക്ക് തയ്യാറായതും ഐക്യരാഷ്ട്ര സഭയുടെ കരുത്ത് വർധിപ്പിച്ച നീക്കങ്ങളായിരുന്നു. ലോകസമാധാനം ലക്ഷ്യമാക്കി രൂപീകൃതമായ ഐക്യരാഷ്ട്ര സഭയുടെ തലപ്പത്തിരുന്ന് ഈ ലക്ഷ്യത്തിനായി കരുക്കൾ നീക്കാൻ അന്നാനോളം മറ്റൊരു സെക്രട്ടറി ജനറലിനും കഴിഞ്ഞിട്ടില്ലെന്നതു തന്നെ അദ്ദേഹത്തിന്‍റെ കരുത്ത് വിളിച്ചോതുന്നു.

ഗള്‍ഫ് യുദ്ധ കാലത്ത് കുവൈത്തിലും ജോർദാനിലും ഇറാഖിലും കുടുങ്ങിയ രണ്ടു ലക്ഷം മലയാളികളുൾപ്പെടെയുള്ളവരെ രക്ഷിക്കാനായി യുഎന്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത് അന്നത്തെ അണ്ടർ സെക്രട്ടറിയായ അന്നാനായിരുന്നു.