പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ സര്‍ക്കാര്‍

ഇമ്രാൻ ഖാന് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന പ്രസിഡന്റ് മഹ്‌മൂൺ ഹുസൈൻ. (പിടിഐ ട്വീറ്റ് ചെയ്ത ചിത്രം)

ഇസ്|ലാമാബാദ്∙ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാവിധ രാഷ്ട്രീയ സെന്‍സര്‍ഷിപ്പും നീക്കിയതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ഹുസൈന്‍ അറിയിച്ചു.

പാക്കിസ്ഥാന്‍ ടെലിവിഷനും (പിടിവി) റേഡിയോയ്ക്കും വാര്‍ത്തകള്‍ തയാറാക്കുന്നതിനു പൂര്‍ണ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിര്‍ദേശപ്രകാരം ഇതു സംബന്ധിച്ചു കൃത്യമായ ഉത്തരവു നല്‍കിയതായും മന്ത്രി വ്യക്തമാക്കി. വരുന്ന മൂന്നു മാസത്തിനുള്ളില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ സമൂലമായ മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വതന്ത്രവും അഴിമതിവിമുക്തവുമാക്കുന്ന തരത്തില്‍ സമഗ്രമായ പരിഷ്‌കരണം നടപ്പാക്കുമെന്ന് ഇമ്രാന്‍ ഖാന്‍ മുമ്പു വ്യക്തമാക്കിയിരുന്നു.