ഇന്ത്യ– പാക്ക് പ്രശ്നം പരിഹരിക്കാൻ പങ്കാളിയാകാം: സമാധാന നീക്കവുമായി ചൈന

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങും.

ബെയ്ജിങ്∙ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നിർണായക പങ്കുവഹിക്കാമെന്നു ചൈന. പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനോട് അനുകൂല നിലപാട് അറിയിച്ചതിനു പിന്നാലെയാണു ചൈനയുടെ നീക്കം. മേഖലയുടെ സമാധാനത്തിനും നിലനിൽപ്പിനും പുരോഗതിക്കും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നല്ല ബന്ധം അനിവാര്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.

എന്നാൽ, ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ ഇടനിലക്കാരനാകാൻ ചൈന തയാറുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ഇക്കാര്യം മുൻകൂറായി പറയാനില്ലെന്നായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം. അതേസമയം ചൈനീസ് സർക്കാരിൽ നിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യ, പാക്ക് പ്രധാനമന്ത്രിമാർ നടത്തിയ അനുകൂലമായ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായും ചൈന അറിയിച്ചു. ദക്ഷിണ ഏഷ്യയിൽ സുപ്രധാനമായ രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. പരസ്പര വിശ്വാസം വളർത്തുന്നതിനാവശ്യമായ എല്ലാ ചർച്ചകളെയും ചൈന സ്വാഗതം ചെയ്യുന്നു. ശരിയായ രീതിയിൽ തർക്കങ്ങൾ കൈകാര്യം ചെയ്തു പരിഹരിക്കുകയാണു വേണ്ടത്. മേഖലയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടി ഇരു രാഷ്ട്രങ്ങൾക്കും ഒരുമിച്ചു പ്രവർത്തിക്കാനാകുമെന്നാണു കരുതുന്നതെന്നും ചൈന അറിയിച്ചു.

പാക്കിസ്ഥാനുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അറിയിച്ച് ഓഗസ്റ്റ് 20ന് നരേന്ദ്ര മോദി, ഇമ്രാൻ ഖാന് കത്തയച്ചിരുന്നു. സമാധാന നീക്കങ്ങളെ പിന്തുണച്ച് ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ‌ പ്രതികരിച്ചു. സമാധാനം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇമ്രാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാപാരം, കശ്മീർ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്ന കാര്യത്തിലും ഇമ്രാന് അനുകൂല നിലപാടാണ്.