വിമാനത്താവളങ്ങളിലെ വിഐപി പ്രോട്ടോക്കോൾ പാക്ക് സർക്കാർ വിലക്കി

ഇസ്‌ലാമാബാദ്∙ പ്രധാനപ്പെട്ട ആളുകൾക്ക് രാജ്യമെങ്ങും വിമാനത്താവളങ്ങളിൽ നൽകിവന്നിരുന്ന വിഐപി പ്രോട്ടോക്കോൾ പാക്കിസ്ഥാൻ സർക്കാർ വിലക്കി. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് (എഫ്ഐഎ) ഈ പ്രോട്ടോക്കോൾ നൽകിയിരുന്നത്. ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽവന്നു. യാതൊരു വേർതിരിവുകളുമില്ലാതെ എല്ലാ യാത്രക്കാർക്കും ഒരേപോലെയുള്ള അവസരങ്ങൾ നൽകാനാണ് ഈ തീരുമാനം എടുത്തതെന്ന് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പാക്ക് മാധ്യമങ്ങളോടു പറഞ്ഞു.

രാഷ്ട്രീയക്കാർ, എംപിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ജഡ്ജിമാർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് സാധാരണ വിഐപി പ്രോട്ടോക്കോൾ നൽകിവരുന്നത്. ഇനിയും എഫ്ഐഎ ആർക്കെങ്കിലും വിഐപി പ്രോട്ടോക്കോൾ നൽകുകയാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.