സൗമ്യയുടെ ആത്മഹത്യ: ജയിൽ അധികൃതർക്കു വീഴ്ചയെന്ന് റിപ്പോർട്ട്

കണ്ണൂർ∙ പിണറായി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കു വീഴ്ച സംഭവിച്ചതായി റീജനല്‍ വെല്‍ഫെയര്‍ ഓഫിസറുടെ റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് തയാറാക്കാനായി ഉത്തരമേഖലാ ജയില്‍ ഡിഐജി ബുധനാഴ്ച കണ്ണൂര്‍ വനിതാ ജയില്‍ സന്ദര്‍ശിക്കും. അതേസമയം ബന്ധുക്കളെത്താത്തതിനാല്‍ സൗമ്യയുടെ മൃതദേഹം ജയില്‍വകുപ്പ് അധികൃതര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

ജയില്‍ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചെന്നാണു വെല്‍ഫെയര്‍ ഓഫിസറുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി എസ്. സന്തോഷ്കുമാര്‍ നേരിട്ടെത്തി അന്വേഷണം നടത്തി ബുധനാഴ്ച ‍ഡിജിപിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തേക്കും. റിമാന്‍ഡ് തടവുകാര്‍ക്കു ജയിലില്‍ ജോലികള്‍ നല്‍കാറില്ലെങ്കിലും സൗമ്യയുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചാണു സൂപ്രണ്ട് ജോലി നല്‍കിയത്. ഇതും അന്വേഷണ പരിധിയില്‍ വരും.

അതേസമയം, വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയാറായില്ല. ഇതോടെ അനാഥ മൃതദേഹം സംസ്കരിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍‌ത്തിയാക്കി ജയില്‍വകുപ്പ് തന്നെ സംസ്കാരചടങ്ങുകള്‍ നടത്തി. മനുഷ്യാവകാശ കമ്മിഷനും ഡിഐജി അടുത്തദിവസം റിപ്പോര്‍ട്ട് കൈമാറും.