Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവനെ’ കൊല്ലും; പിണറായി കൂട്ടക്കൊലയിൽ മറ്റൊരാളുടെ പങ്ക് സൂചിപ്പിച്ച് സൗമ്യയുടെ ഡയറി

soumya-from-police-station സൗമ്യ

കണ്ണൂർ ∙ പിണറായി കൂട്ടക്കൊലപാതകത്തിൽ നിരപരാധിയാണെന്നും മറ്റൊരാൾക്കു പങ്കുണ്ടെന്നും സൂചന നൽകി സൗമ്യയുടെ ഡയറിക്കുറിപ്പ്. മരിക്കുന്നതിനു മുൻപു സൗമ്യ ജയിലിൽ വച്ചെഴുതിയ ഡയറിക്കുറിപ്പിലാണ് ‘അവൻ’ എന്നു പറഞ്ഞ് ഒരു വ്യക്തിയെക്കുറിച്ചു പരാമർശമുള്ളത്. ഇതോടെ പിണറായി കൂട്ടക്കൊലപാതകം മറ്റൊരു ഏജൻസിയെ ഏൽപിക്കണമെന്ന് ആവശ്യമുയരുകയാണ്. 

മൂത്തമകൾ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണു സൗമ്യ കുറിപ്പെഴുതിയിട്ടുള്ളത്. 

‘കിങ്ങിണീ, കൊലപാതകത്തിൽ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തിൽ എനിക്കു പങ്കില്ല എന്നു തെളിയിക്കാൻ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.’ എന്നിങ്ങനെയാണു സൗമ്യ കുറിപ്പിൽ എഴുതിയിട്ടുള്ളത്. 

ജയിലിൽ സന്ദർശനത്തിനെത്തിയ ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധിയോടു സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മജിസ്ട്രേട്ടിനു മുൻപിൽ ഇതു തുറന്നു പറയാൻ തയാറാണെന്നും അറിയിച്ചിരുന്നു. പിന്നീടാണു സൗമ്യയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സൗമ്യ തനിച്ച് മൂന്നു കൊലപാതകങ്ങൾ നടത്തില്ലെന്നും മറ്റാർക്കോ പങ്കുണ്ടെന്നും നേരത്തേ മുതൽ പിണറായി പടന്നക്കരയിലെ നാട്ടുകാരും സൗമ്യയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു.

സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ പാർട്ടി പ്രവർത്തകന് കൂട്ടക്കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. ഇയാൾ വഴിയുള്ള സ്വാധീനത്തിൽ പൊലീസ് കേസന്വേഷണം അട്ടിമറിച്ചെന്നാണു പ്രധാന പരാതി. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നു കാട്ടി ബന്ധുക്കൾ നേരത്തേ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എന്നാൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതു ഗൗരവത്തിലെടുത്തില്ലെന്നു ബന്ധുക്കൾ പറയുന്നു.