Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിലിലെ ആത്മഹത്യ: സൂപ്രണ്ടിന് എതിരായ നടപടി ശുപാർശ മുക്കി

soumya-at-court സൗമ്യ (ഫയൽ ചിത്രം)

കണ്ണൂർ∙ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരായ നടപടി ശുപാർശ പൂഴ്ത്തിയെന്ന സൂചന നൽകി രേഖ. സൂപ്രണ്ട് പി.ശകുന്തളയെ സസ്പെൻഡ് ചെയ്യാനുള്ള ജയിൽ മേധാവിയുടെ ശുപാർശ 2 മാസമായി വകുപ്പിലുണ്ടെന്ന മറുപടിയാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ആഭ്യന്തരവകുപ്പിന്റെ മറുപടി. ആരോപണ വിധേയരായ 3 കീഴുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ 2 ദിവസം പോലും സമയമെടുത്തില്ലെന്നിരിക്കേയാണിത്.

സെപ്റ്റംബർ 5ന് ആണ് ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ ശുപാർശ ആഭ്യന്തരവകുപ്പിനു ലഭിച്ചത്. അച്ചടക്ക നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന ഒഴുക്കൻ മറുപടിയാണ് ഇപ്പോഴും ആഭ്യന്തരവകുപ്പ് നൽകുന്നത്. എന്തുകൊണ്ട് സസ്പെൻഷൻ നടപടി നടപ്പാക്കുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം നൽകിയിട്ടുമില്ല. ഓഗസ്റ്റ് 24നു രാവിലെയാണു ജയിൽ വളപ്പിലെ കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ സൗമ്യയെ കണ്ടെത്തിയത്.

ഡപ്യൂട്ടി സൂപ്രണ്ട് അവധിയിലാണെന്നറിഞ്ഞിട്ടും അന്ന് അവധിയെടുക്കുകയും ആവശ്യത്തിനു ജീവനക്കാരുടെ സേവനം ജയിലിൽ ഉറപ്പുവരുത്താതിരിക്കുകയും ചെയ്തതിനു സൂപ്രണ്ട് പി.ശകുന്തളയെ സസ്പെൻഡ് ചെയ്യാനായിരുന്നു ഡിജിപിയുടെ ശുപാർശ. സൂപ്രണ്ടിനെ രക്ഷിക്കാൻ സിപിഎം നേതൃത്വത്തിലെ ചിലർ ഇടപെട്ടതായി ആരോപണമുണ്ടായിരുന്നു.