Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യയുടെ ആത്മഹത്യ: മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്ക് സസ്പെൻഷൻ

soumya-at-court പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ (ഫയൽ ചിത്രം).

കണ്ണൂർ∙ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തിരുവോണത്തലേന്നു കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കു സസ്പെൻഷൻ. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എപിഒമാരായ സോജ, കെ.പി. ദീപ, മിനി തെക്കേവീട്ടിൽ എന്നിവരെയാണു ജയിൽ മേധാവി ‍ഡിജിപി ആർ. ശ്രീലേഖ സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് അവധിയിലാണെന്നറിഞ്ഞുകൊണ്ടു സംഭവദിവസം അവധിയെടുക്കുകയും ആവശ്യത്തിനു ജീവനക്കാരുടെ സേവനം ജയിലിൽ ഉറപ്പുവരുത്തുകയും ചെയ്യാതിരുന്ന കുറ്റത്തിനു സൂപ്രണ്ട് പി. ശകുന്തളയെ സസ്പെൻഡ് ചെയ്യാനും അച്ചടക്കനടപടിയെടുക്കാനും സർക്കാരിനോടു ശുപാർശ ചെയ്തു.

സംഭവദിവസം രണ്ടു മണിക്കൂർ വൈകി ഡ്യൂട്ടിക്കെത്തിയ അസി. സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിയുമെടുക്കും. തൽക്കാലം കീഴുദ്യോഗസ്ഥരായ മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കെതിരെ മാത്രം സസ്പെൻഷൻ നടപടിയെടുക്കാനാണു ജയിൽ ആസ്ഥാനത്തുനിന്നുള്ള നിർദേശം. ദുരൂഹത നിറഞ്ഞ കൂട്ടക്കൊലക്കേസിലെ ഏക പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കീഴുദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്ത് മേലുദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നു തുടക്കം മുതൽ ആക്ഷേപമുണ്ടായിരുന്നു. ഒരു മേലുദ്യോഗസ്ഥയെ രക്ഷപ്പെടുത്താൻ സംഘടനാ നേതാവ് ഇടപെട്ടുവെന്ന സൂചനയുണ്ട്.

കഴിഞ്ഞ 24നു നടന്ന ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചാംദിവസമാണു ജയിൽ ഡിഐജി കണ്ണൂർ ജയിലിലെത്തിയത്. പിറ്റേന്നു റിപ്പോർട്ട് കൊടുത്തെങ്കിലും നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടായി. ജീവനക്കാരുടെയും തടവുകാരുടെയും വിശദമായ മൊഴികളടങ്ങുന്ന റിപ്പോർട്ടാണു ഡിഐജി നൽകിയിരിക്കുന്നതെന്നും കുറഞ്ഞ സമയംകൊണ്ട് നടപടിയെടുക്കാൻ കഴിയില്ലെന്നും ജയിൽ മേധാവി ഡിജിപി ആർ.ശ്രീലേഖ പറഞ്ഞു. പിണറായി കൂട്ടക്കൊലക്കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുകയും ഏക പ്രതി സൗമ്യ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. 

ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ: 

∙ വീഴ്ച സംഭവിച്ചതു മൂന്നു തലങ്ങളിൽ– സംഭവദിവസം ജയിലിലെ നിരീക്ഷണം നേരിട്ടു കൈകാര്യം ചെയ്തവരുടെ വീഴ്ച, മേൽനോട്ടം വഹിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ച, സ്ഥാപനത്തിനു മൊത്തത്തിലുണ്ടായ സുരക്ഷാ വീഴ്ച. 

∙ സൂപ്രണ്ടിന്റെ വീഴ്ച– സൂപ്രണ്ടോ ഡെപ്യൂട്ടി സൂപ്രണ്ടോ ആരെങ്കിലുമൊരാൾ നിർബന്ധമായും ജയിലിൽ ഉണ്ടായിരിക്കണമെന്ന ഡിജിപിയുടെ നിർദേശം പാലിച്ചില്ല. ഡെപ്യൂട്ടി സൂപ്രണ്ട് അവധിയാണ് എന്നറിഞ്ഞുകൊണ്ടു സൂപ്രണ്ട് അവധിയെടുത്തു. ജയിലിൽ ആവശ്യത്തിനു ജീവനക്കാരെ ഉറപ്പു വരുത്താനായില്ല.

∙ അസി. സൂപ്രണ്ടിന്റെ വീഴ്ച– സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് താമസിക്കുന്നതു രണ്ടു കിലോമീറ്റർ അകലെ. എന്നാൽ രാവിലെ ഒൻപതിനു ഡ്യൂട്ടിക്ക് എത്തേണ്ടയാൾ എത്തിയത് 11ന്. സൗമ്യയുടെ മരണം സംഭവിച്ചത് ഇതിനിടയിൽ.

∙ അസി. പ്രിസൺ ഓഫിസർമാരുടെ വീഴ്ച– ബ്ലോക്കിന്റെ ചുമതലയുള്ള എപിഒയ്ക്ക് സൗമ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിൽ വീഴ്ച പറ്റി. തൂങ്ങിമരിക്കാനായി സഹതടവുകാരിയുടെ സാരി സൗമ്യ കൈവശപ്പെടുത്തിയതു മനസിലാക്കാനായില്ല.  മറ്റു തടവുകാരിൽനിന്ന് ഒറ്റപ്പെട്ട് സൗമ്യ ജയിൽവളപ്പിന്റെ അതിരിലെത്തിയതും അര മണിക്കൂറിലേറെ മാറിനിന്നതും തടവുകാരുടെ പുറംപണിയുടെ ചുമതലയുണ്ടായിരുന്ന എപിഒ അറിഞ്ഞില്ല. 

∙ ഇത്രയും ഗൗരവമുള്ള കേസിലെ പ്രതി സെല്ലിലിരുന്നു ഡയറിക്കുറിപ്പുകൾ എഴുതിയിട്ടും അതേക്കുറിച്ച് അറിഞ്ഞില്ല. ഡയറിക്കുറിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അവരുടെ മാനസിക നിലയെക്കുറിച്ചു സൂചന ലഭിക്കുമായിരുന്നു. 

∙ വനിതാ ജയിലുകളിൽ ജീവനക്കാർ അലസതയോടെ ജോലി ചെയ്യുന്നത് ഈ ജയിലുകളിലെ സുരക്ഷയെയും അച്ചടക്കത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. 

∙ ഒരേ ചുമതലയിൽ ദീർഘകാലം ഒരാൾ തുടരുന്നത് ജയിലുകളിലെ അച്ചടക്കത്തെ തകർക്കും. നിലവിൽ കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ട് 10 വർഷത്തോളമായി ഇതേ ചുമതലയിൽ തുടരുന്നു.

ജയിലിൽ എത്തിയപ്പോൾ മുതൽ സൗമ്യ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്നുവെന്നാണു സഹതടവുകാരുടെ മൊഴിയിൽനിന്നു ഡിഐജിക്കു ലഭിച്ച വിവരം. എന്നാൽ ഇതു മനസിലാക്കുന്നതിലും സുരക്ഷയൊരുക്കുന്നതിലും അധികൃതർക്കു വീഴ്ച പറ്റി. സൗമ്യ മരിച്ചതിനു പിറ്റേന്നു ജയിലിൽ ഓണസദ്യ നടത്താൻ പദ്ധതിയിട്ടിരുന്നു.

സദ്യയൊരുക്കുന്നതിനു തലേന്ന് കൂടുതൽ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന കീഴ്‌വഴക്കം ഇവിടെ പാലിച്ചിരുന്നെങ്കിൽ പോലും സൗമ്യയെ നിരീക്ഷിക്കാൻ ആളെക്കിട്ടുമായിരുന്നു. എന്നാൽ ഇരുപതിലേറെ ജീവനക്കാരുള്ള ഇവിടെ അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതു നാലുപേർ. അതിൽ ഒരാൾ സമയത്ത് എത്തിയുമില്ല. ഗുരുതരമായ വീഴ്ച വരുത്തിയവർക്കെതിരെ സസ്പെൻഷൻ നടപടി വേണമെന്ന ശുപാർശയാണു റിപ്പോർട്ടിലുള്ളത്.