ബിജെപി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മോദിയും ഷായും 15 മുഖ്യമന്ത്രിമാരും ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക്

ന്യൂഡല്‍ഹി∙ 2019 പൊതുതിരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയുടെ 15 മുഖ്യമന്ത്രിമാരുമായും ഏഴ് ഉപമുഖ്യമന്ത്രിമാരുമായും ഇന്നു കൂടിക്കാഴ്ച നടത്തും. ദിവസം മുഴുവന്‍ നീളുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനങ്ങളില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാസഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ പരമാവധി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണു ബിജെപി നീക്കം. 

തങ്ങളുടെ സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചും കേന്ദ്രപദ്ധതികള്‍ നടപ്പാക്കിയതിനെക്കുറിച്ചും റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ബിജെപിയുടെ പുതിയ ആസ്ഥാനത്താണ് 10 മണിക്കൂര്‍ നീളുന്ന യോഗം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ആഴ്ചകളില്‍ എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. 2014-ല്‍ മോദി പ്രധാനമന്ത്രിയായതിനു ശേഷം എല്ലാ വര്‍ഷവും ഇത്തരത്തില്‍ യോഗം ചേരാറുണ്ടെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 

പൊതുതിരഞ്ഞെടുപ്പിനു എട്ടു മാസം മാത്രം അവശേഷിക്കേ ഇന്നത്തെ യോഗത്തിന് ഏറെ രാഷ്ട്രീയപ്രധാന്യമുണ്ടെന്നു രാഷ്ട്രീയനിരീക്ഷകര്‍ വ്യക്തമാക്കുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ മൂന്നു സംസ്ഥാനങ്ങളിലും ശക്തമായ ഭരണവിരുദ്ധവികാരമാണ് ബിജെപി നേരിടുന്നത്. ഇവിടുത്തെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പ്രത്യേകമായി കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.