2021 സെൻസസിൽ ഒബിസിക്കാരുടെ പ്രത്യേക കണക്കുകൾ ശേഖരിക്കും: കേന്ദ്രആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി∙ 2021 സെൻസസിൽ ഒബിസി വിഭാഗക്കാരുടെ പ്രത്യേക കണക്കുകൾ ശേഖരിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. സെൻസസിനുള്ള മാർഗനിർദേശം കേന്ദ്രആഭ്യന്ത മന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരം നടപടി. 

സെൻസസ് കമ്മീഷണറുടെയും റജിസ്ട്രാർ‌ ജനറലിന്റെയും ഓഫിസുകളുടെ പ്രവർത്തനം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച വിലയിരുത്തിയതിനു ശേഷമാണു തീരുമാനം. സെൻസസ് നടത്തി മൂന്നുവർഷത്തിനുള്ളിൽ സമ്പൂ‍ർണമായ വിവരങ്ങൾ തയാറാക്കുന്നതിനാണ് നിർദേശം.

നിലവിൽ ഏഴ് മുതൽ എട്ടുവരെ വർഷങ്ങൾ എടുത്തിട്ടാണ് ഈ നടപടികൾ പൂർത്തീകരിക്കുന്നത്. വീടുകളുടെ കണക്കെടുപ്പിന് ഭൂപടങ്ങൾ, ജിയോ റഫറൻസിങ് തുടങ്ങിയ ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിവരശേഖരണത്തിനായി 25 ലക്ഷം പേര്‍ തയാറായതായും മന്ത്രാലയം അറിയിച്ചു.