ആശ്വാസത്തോടെ ‘മാണിക്യമലരായ പൂവി’; കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി∙ ‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ടിനെതിരെ ഹൈദരാബാദ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയ വാരിയർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണു നടപടി. ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ വരികൾ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. വരികളിൽ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയിൽനിന്നു നീക്കുകയോ വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്‍ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നു ജന്‍ജാഗരൻ സമിതി പ്രസിഡന്റ് മൊഹ്സിന്‍ അഹമ്മദ് ആരോപിച്ചു.

Read In English

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു മഹാരാഷ്ട്രയിലും പാട്ടിനെതിരെ പരാതിയുണ്ട്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയ വാരിയർ, സംവിധായകൻ ഒമർ ലുലു, നിർമാതാവ് എന്നിവർക്കെതിരെ കേസെടുക്കണം എന്നാണാവശ്യം. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയിൽനിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാൽ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിൻ‌വലിച്ചു.

അതേസമയം, യൂ ട്യൂബിൽ ഏഴു കോടി ‘കാഴ്ചകളും’ പിന്നിട്ടു മുന്നേറുകയാണു മാണിക്യമലരായ പൂവി പാട്ട്. ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയർ ഇന്റർനെറ്റിലെ പുത്തൻ സെൻസേഷനുമായി. പി.​എം.​എ.ജബ്ബാറിന്റെ വരികൾക്കു തലശ്ശേരി റഫീഖ് ഈണം നൽകി എരഞ്ഞോളി മൂസ ഉൾപ്പെടെയുള്ളവർ ആലപിച്ച മാപ്പിളപ്പാട്ടാണിത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പുനരാവിഷ്കരിച്ച പാട്ടാണ് ഇപ്പോൾ വൈറലായത്.