ഛത്തീസ്ഗഡിൽ നാല് നക്സലുകളെ സുരക്ഷാസേന വധിച്ചു

പ്രതീകാത്മക ചിത്രം

റായ്പൂർ∙ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് നക്സലുകളെ വധിച്ചതായി പൊലീസ് അറിയിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ഞായറാഴ്ചയാണ് നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഗുമിയബേഡ ഗ്രാമത്തിൽ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഏറ്റുമുട്ടൽ‌ തുടങ്ങിയതെന്ന് നാരായൺപൂർ എസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് നക്സലുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും പിന്നീടു കണ്ടെത്തി. കാട്ടിൽ തിരച്ചിൽ തുടരുകയാണ്. അതേസമയം നക്സലുകൾ തട്ടിക്കൊണ്ടുപോയ രണ്ടുപേരുടെ മൃതദേഹങ്ങൾ മഹാരാഷ്ട്രയിലെ ഗച്ചിറോളി ജില്ലയിൽ നിന്നു കണ്ടെത്തി. ഛത്തീസ്ഗഡിലെ ബന്ദേ ഗ്രാമത്തിൽ നിന്ന് ഓഗസ്റ്റ് 26ന് തട്ടിക്കൊണ്ടുപോയ സോന പാദ(35), സോംജി പാദ(40) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.