ഓഹരി വിപണിയിൽ നഷ്ടം; സെൻസെക്സ് – 38,312.52, നിഫ്റ്റി – 11,582.98

മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപരത്തിന്റെ അവസാന മണിക്കുറിലുണ്ടായ കനത്ത വിൽപന സമ്മർദം വിപണിക്കു തിരിച്ചടിയായി. ബിഎസ്ഇ സെൻസെക്സ് 302.55 പോയിന്റ് ഇടിഞ്ഞ് 38,312.52 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 98.15 പോയിന്റ് താഴ്ന്ന് 11,582.98 ലും ക്ലോസ് ചെയ്തു. 1,347 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,409 ഓഹരികൾക്കു നഷ്ടം നേരിട്ടു.

എഫ്എംസിജി മേഖലയിലെ ഓഹരികള്‍ക്കാണു കനത്ത നഷ്ടം നേരിട്ടത്. ഓട്ടോ, ബാങ്ക്, ഐടി, ടെക്, പവർ, റിയൽറ്റി തുടങ്ങി ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലായിരുന്നു. മെറ്റൽ, കൺസ്യുമർ ഡ്യൂറബൾസ് തുടങ്ങിയ സെക്ടറുകൾ നേട്ടമുണ്ടാക്കി. ഡോ. റെഡ്ഡീസ് ലാബ്, ഐഡിയ സെല്ലുലർ, വിപ്രോ, ടൈറ്റൻ കമ്പനി, ബജാജ് ഓട്ടോ എന്നീ ഓഹരികളുടെ വില ഉയർന്നു. ബജാജ് ഫിൻസെർവ്, എച്ച്‌യുഎൽ, പവർ ഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.