വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം∙ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി ഡിജിപിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

എലിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നുണ്ട്. എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുകയാണ്. അടിയന്തര നടപടി ഇതിനെതിരെ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുന്നതിനെതിരെ വിവാദപരമായ പ്രസ്താവനകൾ നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിട്ടുണ്ട്.