'കൗണ്‍സിലർമാർ മാനസികമായി പീഡിപ്പിക്കുന്നു'; വളാഞ്ചേരി നഗരസഭാ അധ്യക്ഷ രാജി വയ്ക്കും

വളാഞ്ചേരി നഗരസഭ അധ്യക്ഷ എം ഷാഹിന

മലപ്പുറം∙ ഭരണപക്ഷ കൗണ്‍സിലർമാർ മാനസികമായി പീഡിപ്പിക്കുന്നെന്നു പരാതി ഉന്നയിച്ച് മലപ്പുറം വളാഞ്ചേരി നഗരസഭാധ്യക്ഷ എം. ഷാഹിന രാജിക്കൊരുങ്ങുന്നു. നഗരസഭാ സെക്രട്ടറിക്ക് ഇവർ നാളെ രാജി കൈമാറും. 

പ്രതിപക്ഷ പിന്തുണ പോലും ഭരണപക്ഷത്തുനിന്നു ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിച്ചു. വികസന പ്രവർത്തനങ്ങൾക്കു കൗണ്‍സിലർമാർ തടസ്സം നിൽക്കുന്നു. യുഡിഎഫിനാണു ഭരണമുള്ളത്. എന്നിട്ടും പ്രതിപക്ഷ കൗൺസിലർമാർ നൽകുന്ന പിന്തുണപോലും ഭരണപക്ഷത്തുനിന്നു ലഭിക്കുന്നില്ല. സ്ഥാനത്തു തുടരാൻ കഴിയില്ലെന്നു പാർട്ടിയെ അറിയിച്ചിരുന്നു. തുടരാൻ കഴിയില്ലെങ്കിൽ രാജി വയ്ക്കാൻ മുസ്‍ലിം ലീഗ് നിർദേശിച്ചതായും ഷാഹിന വ്യക്തമാക്കി.

രാജിക്കായി പാർട്ടിക്കു കത്ത് നൽകിയിട്ടുണ്ട്. എന്നാൽ പാർട്ടി വേണ്ടത്ര ഗൗരവത്തോടെ വിഷയം പരിഗണിച്ചിട്ടില്ല. പാർട്ടിയിലെ കൗൺസിലർമാർതന്നെ എനിക്കെതിരെ ഒപ്പുശേഖരണം നടത്തി. ഓഗസ്റ്റ് 31നാണു രാജിക്കത്ത് പാര്‍ട്ടിക്കു നൽകിയതെന്നും ഷാഹിന മനോരമ ന്യൂസിനോടു പറഞ്ഞു. 

ലീഗ്– 14, കോൺഗ്രസ്– 6 എന്നിങ്ങനെയാണ് വളാഞ്ചേരി നഗരസഭയിൽ യുഡിഎഫിന്റെ കക്ഷിനില. ഒരു സീറ്റുള്ള വെൽഫെയർ പാ‍ർട്ടിയും യുഡിഎഫിനു പിന്തുണ നൽകുന്നു. സിപിഎം നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന് 12 സീറ്റുകളുണ്ട്. 28ാം വാർഡായ മീൻപാറയിൽ നിന്നാണ് ഷാഹിന ജയിച്ചത്.