സൗമ്യയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്കെതിരായ നടപടി രാഷ്ട്രീയം നോക്കിയല്ലെന്ന് ആർ.ശ്രീലേഖ

ആർ.ശ്രീലേഖ

കണ്ണൂർ ∙ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യയുടെ ആത്മഹത്യയെ തുടർന്ന് ജയിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തതിലെ ആരോപണങ്ങൾ തള്ളി ജയിൽ ഡിജിപി ആർ.ശ്രീലേഖ. ജയിൽ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത‍ു കൃത്യമായ ബോധ്യത്തോടെയാണ്. നടപടിക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന ആരോപണം ശരിയല്ല. ഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ചാണു നടപടിയെന്നും ആർ. ശ്രീലേഖ പറഞ്ഞു. കോണ്‍ഗ്രസ് ചായ്‍വ് നോക്കിയാണു നടപടികളെന്ന ആരോപണം അവർ തള്ളി. വ്യക്തമായി പഠിച്ചശേഷമാണു നടപടി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. 

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ തൂങ്ങിമരിച്ച സംഭവത്തിൽ മൂന്ന് അസി. പ്രിസൺ ഓഫിസർമാരെ‍ സസ്പെൻഡ് ചെയ്തിരുന്നു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എപിഒമാരായ സോജ, കെ.പി.ദീപ, മിനി തെക്കേവീട്ടിൽ എന്നിവരെയാണു ജയിൽ മേധാവി സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സൂപ്രണ്ട് അവധിയിലാണെന്നിരിക്കെ അവധിയെടുക്കുകയും ആവശ്യത്തിനു ജീവനക്കാരുടെ സേവനം ജയിലിൽ ഉറപ്പുവരുത്തുകയും ചെയ്യാതിരുന്ന കുറ്റത്തിന് സൂപ്രണ്ട് പി. ശകുന്തളയെ സസ്പെൻഡ് ചെയ്യാനും ശുപാർശയുണ്ട്.

സംഭവദിവസം ജയിലിലെ നിരീക്ഷണം നേരിട്ടു കൈകാര്യം ചെയ്തവരുടെ വീഴ്ച, മേൽനോട്ടം വഹിക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ച, സ്ഥാപനത്തിനു മൊത്തത്തിലുണ്ടായ സുരക്ഷാ വീഴ്ച എന്നിങ്ങനെ മൂന്നു തലങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കഴിഞ്ഞ 24നു നടന്ന ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചാം ദിവസമാണ് ജയിൽ ഡിഐജി കണ്ണൂർ ജയിലിലെത്തിയത്.