ഇരു കൊറിയകളും സമാധാന വഴിയിൽത്തന്നെ; കിമ്മും മൂണും വീണ്ടും കൂടിക്കാഴ്ചയ്ക്ക്

ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയയിൽ നടത്തിയ സമാധാന ചർച്ചയ്ക്കിടെ (ഫയൽ ചിത്രം)

സോൾ∙ സമാധാനത്തിന്റെ പാതയിലേക്കുള്ള ദക്ഷിണ, ഉത്തര കൊറിയകളുടെ യാത്രയ്ക്ക് ഊർജം പകർന്ന് ഇരു രാജ്യങ്ങളുടെയും തലവൻമാർ ഈ വർഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ ഈ മാസം നടക്കുന്ന കൊറിയൻ ഉച്ചകോടിയിലാണ് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും കൂടിക്കാഴ്ച നടത്തുക.

ആണവനിർവ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ചയാകുക. സെപ്റ്റംബർ 18 മുതൽ 20 വരെയാണ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയി യോങ്ങാണ് ഇക്കാര്യം അറിയിച്ചത്.

യോങ്ങിന്റെ ഉത്തര കൊറിയൻ സന്ദർശനത്തിലാണ് ഉച്ചകോടിയുടെ തിയതി ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായത്. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ യോഹ്, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്‍ എഴുതിയ കത്തും കിമ്മിനു കൈമാറിയിരുന്നു. ആണവനിർവ്യാപനത്തിനു ദക്ഷിണ കൊറിയയുമായും യുഎസുമായും സഹകരിക്കാനുള്ള സന്നദ്ധത കിം ജോങ് ഉൻ അറിയിച്ചതായി ചുങ് ഇയി യോങ് പിന്നീടു മാധ്യമപ്രവർത്തകരോടു വെളിപ്പെടുത്തി.

നീണ്ട കാലത്തെ കടുത്ത വൈരം മറന്ന് ഇക്കഴിഞ്ഞ ജൂണിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പലതവണ മാറ്റിവച്ച ശേഷം നടത്തിയ ഈ കൂടിക്കാഴ്ചയിലാണ് കൊറിയൻ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനു തുടക്കമായത്. ഇതിന്റെ ഭാഗമായി ആണവ നിർവ്യാപനത്തിനുള്ള സന്നദ്ധത ഉത്തര കൊറിയ യുഎസ്സിനെയും ദക്ഷിണ കൊറിയയെയും അറിയിച്ചിരുന്നു.

അതേസമയം, സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം ഇതുമായി ബന്ധപ്പെട്ടു കാര്യമായ നീക്കങ്ങളൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഉത്തര കൊറിയൻ സന്ദർശനം പ്രസിഡന്റ് ട്രംപ് ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു കൊറിയകളുടെയും തലവൻമാർ വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.