ആളെക്കൂട്ടുന്ന ‘ഫോട്ടോഷോപ്പ് വിവാദം’ യുഎസിലും; പുലിവാൽ പിടിച്ച് ട്രംപ്

ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു തലവേദനയായി പുതിയ വെളിപ്പെടുത്തൽ. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങൾ പ്രസിഡന്റിന്റെ ഇടപെടലിനെതുടർന്നു സർക്കാർ ഫൊട്ടോഗ്രാഫർ എഡിറ്റ് ചെയ്തെന്നാണ് ആരോപണം. ചടങ്ങിൽ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാൻ ട്രംപ് ഇടപെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യഥാർഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങൾ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നാണു ഔദ്യോഗിക രേഖകൾ ഉദ്ധരിച്ചുള്ള വാർത്തകൾ. 2009ൽ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാൾ കുറച്ചുമാത്രം ജനങ്ങളെ ചിത്രത്തിൽ കണ്ടപ്പോൾ, പ്രസിഡന്റായ ആദ്യദിവസം തന്നെ ട്രംപ് ദേഷ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് തന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയതെന്നു ട്രംപ് ഭരണകൂടം ലോകത്തോടു പറഞ്ഞത് തെറ്റായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

2017 ജനുവരി 20ന് ആയിരുന്നു ട്രംപ് അധികാരമേറ്റത്. 21ന് അതിരാവിലെ, ചിത്രങ്ങളെടുക്കാൻ ചുമതലപ്പെട്ട എൻപിഎസിന്റെ (നാഷനൽ പാർക് സർവീസ്) ആക്ടിങ് ഡയറക്ടർ മൈക്കിൾ റെയ്നോൾഡ്സുമായി ട്രംപ് ഫോണിൽ സംസാരിച്ചു. ഇരുവരും തമ്മിൽ ഇതേദിവസം പലതവണ ഫോൺ സംഭാഷണം ഉണ്ടായതായി അന്നത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറും വ്യക്തമാക്കുന്നു. ആളില്ലാത്ത ചിത്രങ്ങൾക്കു പകരം ‘കൂടുതൽ മനോഹരമായ’ ചിത്രങ്ങൾ ട്രംപ് ആവശ്യപ്പെട്ടെന്നാണു വിവരം. എന്നാൽ, പുറത്തുവിട്ട ഏതു ചിത്രത്തിലാണ് എഡിറ്റിങ് നടന്നതെന്നതിനു വ്യക്തതയില്ല. ചടങ്ങിൽ ആളുകൾ കുറവായിരുന്നെന്നു സൂചനയുള്ള ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നെങ്കിലും വാഷിങ്ടൻ അതെല്ലാം നിഷേധിക്കുകയായിരുന്നു.