വീണ്ടും വിമാനയാത്രക്കാർക്ക് അസുഖം; യുഎസിൽ രണ്ട് വിമാനങ്ങളിൽ ആരോഗ്യ പരിശോധന

പ്രതീകാത്മക ചിത്രം.

ന്യൂയോർക്ക്∙ യൂറോപ്പിൽനിന്നു യുഎസിലെ ഫിലഡൽഫിയയിൽ എത്തിയ രണ്ടു വിമാനങ്ങളിലെ യാത്രക്കാർക്കും ജീവനക്കാർക്കും അസുഖബാധ. ഇരു വിമാനങ്ങളിലെയുമായി 12 പേർക്കാണു പനിക്കു സമാനമായ അസുഖ ലക്ഷണം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് ദുബായിൽനിന്ന് യുഎസിലേക്കു പറന്ന വിമാനത്തിലെ യാത്രക്കാർക്കും അസുഖബാധ കണ്ടെത്തിയിരുന്നു.

മ്യൂണിക്, പാരിസ് എന്നിവിടങ്ങളിൽനിന്നെത്തിയ അമേരിക്കൻ എയർലൈൻസ് വിമാനങ്ങളിലെ 250 യാത്രക്കാരെയും പരിശോധനയ്ക്കു വിധേയരാക്കിയതായി വിമാനത്താവള വക്താവ് ഡയേൻ ഗ്രീസ് അറിയിച്ചു. രോഗ പ്രതിരോധ നിയന്ത്രണ വിഭാഗത്തിനു വിവരം കൈമാറി. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവിമാനങ്ങളും ഫിലഡൽഫിയയിലെത്തിയത്. 

തൊണ്ടവേദനയും ചുമയും അനുഭവപ്പെടുന്നതായി യാത്രക്കാർ അറിയിച്ചെന്നും പരിശോധനയിൽ ഇവർക്കു പനിയില്ലെന്നാണു കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി. ആർക്കും സാരമായ അസുഖമുള്ളതായി സൂചനയില്ല. പരിശോധനാഫലം സംബന്ധിച്ച വിവരങ്ങൾ കൈമാറിയ ശേഷം 24 മണിക്കൂറിനകം ഇവരെ പോകാൻ അനുവദിക്കും. പകർച്ചവ്യാധിയുള്ളവരാരും വിമാനത്തിലുണ്ടായിരുന്നില്ലെന്ന് അമേരിക്കൻ എയർലൈൻസ് വക്താവ് ലെസ്‍ലി സ്കോട്ട് അറിയിച്ചു. 

ദുബായിൽനിന്നു ന്യൂയോർക്ക് വിമാനത്താവളത്തിൽ എത്തിയ വിമാനത്തിലെ 19 യാത്രക്കാർ അസുഖബാധിതരാണെന്ന് ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഇവർ പ്രാദേശിക ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർക്കു ജലദോഷമുണ്ടെന്നു കണ്ടെത്തിയതായി ന്യൂയോർക്ക് മേയറുടെ പ്രസ് സെക്രട്ടറി അറിയിച്ചു. ചില പരിശോധനാഫലങ്ങൾ കൂടി വരാനുണ്ടെന്നും നിലവിൽ ചികിൽസയിലുള്ള പത്തുപേരും അതുവരെ ആശുപത്രിയിൽ തുടരുമെന്നും വക്താവ് പറഞ്ഞു.