നെറ്റിൽ തിരഞ്ഞത് മരിക്കാനുള്ള വഴികൾ; ഐപിഎസുകാരൻ ഗുരുതരാവസ്ഥയിൽ

സുരേന്ദ്ര കുമാർ ദാസ്.

കാൻപുർ∙ യുപിയിൽ വിഷംകഴി‍ച്ച യുവ ഐപിഎസ് ഓഫിസർ സുരേന്ദ്ര കുമാർ ദാസിന്റെ നില ഗുരുതരമായി തുടരുന്നു. സുരേന്ദ്ര കുമാർ വിഷാദത്തിന് അടിമപ്പെട്ടിരുന്നെന്നും ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മുപ്പതുകാരനായ ഓഫിസറെ വിഷംകഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

‘ജീവിതം അവസാനിപ്പിക്കാനുള്ള വഴികൾ എന്തെല്ലാം’ എന്നാണു കഴിഞ്ഞ ദിവസങ്ങളിൽ സുരേന്ദ്ര കുമാർ സജീവമായി അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ലാപ്ടോപ്, മൊബൈൽ എന്നിവയുടെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചാണു പൊലീസും സൈബർ വിദഗ്ധരും ഇക്കാര്യം കണ്ടെത്തിയത്. ‘അദ്ദേഹം വിഷാദത്തിലായിരുന്നു. വിഷത്തിന്റെ ഉപയോഗം, കത്തി കൊണ്ടുള്ള ആത്മഹത്യ തുടങ്ങിയവയുടെ വിഡിയോകൾ കണ്ടിരുന്നു. അദ്ദേഹത്തിന്റെ മനോനില ശരിയായിരുന്നില്ല’– എസ്എസ്പി ആനന്ദ് ദേവ് പറഞ്ഞു.

ഐപിഎസ് ഓഫിസറുടെ ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന. മുംബൈയിൽനിന്ന് ആരോഗ്യ വിദഗ്ധരുടെ സംഘം കാൻപുരിലേക്കു തിരിച്ചിട്ടുണ്ടെന്നും എസ്എസ്പി വ്യക്തമാക്കി. ഓഗസ്റ്റ് ഒൻപതിനാണു കാൻപുർ ഈസ്റ്റ് എസ്പിയായി സുരേന്ദ്ര കുമാർ നിയമിക്കപ്പെട്ടത്. ജോലിയിലുള്ള സമ്മർദമാണോ ആത്മഹത്യാശ്രമത്തിലേക്കു നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം, സുരേന്ദ്ര കുമാറും ഭാര്യ രവീണ സിങ്ങും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ വസതിയിലെ ജീവനക്കാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ജന്മാഷ്ടമിക്ക് നോൺ–വെജ് പിസ രവീണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കമുണ്ടായിരുന്നെന്നാണു വെളിപ്പെടുത്തൽ. ഇതിനിടെ, സുരേന്ദ്ര കുമാറിന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.