സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പരാതിക്കാർക്കൊപ്പം: വൃന്ദ

വൃന്ദ കാരാട്ട്, പി.കെ.ശശി

വയനാട്∙ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എവിടെയുണ്ടായാലും പരാതിക്കാർക്കൊപ്പമാണു നിലകൊള്ളുകയെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. സ്വന്തം സംഘടനയിൽനിന്നു തന്നെ പരാതി ഉയർന്നാലും അതുതന്നെയാകും പാര്‍ട്ടി നിലപാട്. പരാതി സംബന്ധിച്ചു പാർട്ടിയെടുത്ത നടപടിക്രമങ്ങൾ സംസ്ഥാനനേതൃത്വം വിശദീകരിച്ചതാണെന്നും വൃന്ദ പറഞ്ഞു. പി.കെ.ശശി എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതി ആദ്യം ലഭിച്ചതു വൃന്ദ കാരാട്ട് അടക്കമുള്ളവർക്കാണെന്നു വാര്‍ത്തകള്‍ വന്നിരുന്നു.

പരാതി അന്വേഷിക്കുമ്പോള്‍ ഒരാളെയും സംരക്ഷിക്കില്ലെന്നു മന്ത്രി എ.െക.ബാലൻ പറഞ്ഞു. ഇത്തരം പരാതികളില്‍ ആരെയും രക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല. സംസ്ഥാനത്തുണ്ടായ പ്രളയം മൂലമാണു നടപടി വൈകിയത്. സംഘടനാപരമായി അന്വേഷിക്കണമെന്നാണു പരാതിക്കാരിയുടെ ആവശ്യം. അന്വേഷണത്തിന് ശേഷവും പരാതിയുണ്ടെങ്കില്‍ അവരുടെ ഏതു നടപടിക്കും സര്‍ക്കാരും പാര്‍ട്ടിയും ഒപ്പമുണ്ടാകുമെന്നും എ.കെ ബാലന്‍ പറഞ്ഞു. എന്നാൽ പരാതി കൊടുക്കേണ്ട ഇടത്ത് കൊടുക്കണമെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. സർക്കാരിന് ഇതുവരെ പരാതി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.