ചരക്കുനീക്കത്തിൽ ഇന്ത്യൻ പാത വിട്ട് നേപ്പാൾ; വഴിയൊരുക്കി ചൈന

കാഠ്മണ്ഡു∙ ചരക്കു പാതകളില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തിന് അവസാനം കുറിക്കാൻ ചൈനയെ കൂട്ടുപിടിച്ച് നേപ്പാൾ. ചൈനയിലെ നാലു തുറമുഖങ്ങളിലേക്കു പ്രവേശനം ലഭിച്ചതായി നേപ്പാൾ അറിയിച്ചു. ചൈനയുടെയും ഇന്ത്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ, സമുദ്ര മാര്‍ഗമുള്ള ചരക്കുനീക്കത്തിനു നിലവിൽ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.

2015 ലും 2016 ലും ഇന്ത്യൻ അതിർത്തി കടക്കുന്നതിനു ദീർഘകാല തടസം നേരിട്ടതോടെയാണു ചൈനയിലെ തുറമുഖങ്ങളിലേക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം നേപ്പാൾ മുന്നോട്ടുവച്ചത്. എണ്ണയ്ക്കും അവശ്യ മരുന്നുകൾക്കും വരെ മാസങ്ങളോളം കടുത്ത ക്ഷാമം അനുഭവപ്പെട്ടപ്പോഴായിരുന്നു തീരുമാനം. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ചേർന്നു ചരക്കുനീക്ക കരാറിന്റെ കരടിന് വെള്ളിയാഴ്ച രൂപം നൽകി.

ടിയാൻജിൻ, ഷെൻഷെൻ, ലിയാൻയുൻഗാങ്, ഷാൻജിയാങ് തുറമുഖങ്ങളിലേക്കു നേപ്പാളിനു പ്രവേശനം അനുവദിക്കാമെന്നാണു ചൈന സമ്മതിച്ചത്. ഇതുകൂടാതെ കരയിലുള്ള മൂന്നു തുറമുഖങ്ങളും (ഡ്രൈ പോർട്ട്) ഇവയിലേക്കു നയിക്കുന്ന പാതകളും ഉപയോഗിക്കാനും ചൈന സന്നദ്ധത പ്രകടിപ്പിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ എത്തിക്കാനുള്ള സമയവും ചെലവും കുറയ്ക്കാൻ ചൈനയിലെ തുറമുഖങ്ങളുടെ ഉപയോഗം സഹായിക്കുമെന്നാണു നേപ്പാളിന്‍റെ പ്രതീക്ഷ.

നിലവിൽ കൊൽക്കത്ത തുറമുഖം വഴിയാണ് ചരക്കുകൾ എത്തുന്നതെന്നും ഇത് പലപ്പോഴും മൂന്നു മാസത്തോളം എടുക്കാറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വിശാഖപട്ടണം തുറമുഖവും അടുത്തിടെ നേപ്പാളിനായി ഇന്ത്യ തുറന്നു നൽകിയിരുന്നു. ചൈനയിലെ തുറമുഖങ്ങള്‍ ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചാലും അതിർത്തിയിൽ മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ കാര്യമായ പ്രയോജനം ലഭിക്കാനിടയില്ലെന്നാണു നേപ്പാളിലെ വ്യാപാരികളുടെ വിലയിരുത്തൽ. ചൈനയിലെ ഏറ്റവും അടുത്ത തുറമുഖം തന്നെ നേപ്പാളിൽ നിന്നും 2000 കിലോമീറ്റർ അകലെയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.